ചെങ്ങന്നൂര്‍: വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 20 ദിവസം കൊണ്ടു തന്നെ ഒരു ലക്ഷത്തില്‍പരം അയ്യപ്പഭക്തര്‍ക്ക് അന്നദാനം നല്‍കിക്കഴിഞ്ഞു. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ ഉപയോഗപ്രദമാക്കുന്ന സേവാകേന്ദ്രങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാ കേന്ദ്രം മാറി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പരിഷത്ത് പ്രവര്‍ത്തകരാണ് സേവാ കേന്ദ്രത്തില്‍ സേവനം ചെയ്യുന്നത്. സമയം പരിഗണിക്കാതെ വന്നു ചേരുന്ന എല്ലാവര്‍ക്കും അന്നദാനത്തിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സേവാ കേന്ദ്രത്തിലുള്ളത്. നവംബര്‍ 30ന് പ്രവര്‍ത്തനമാരംഭിച്ച സേവാ കേന്ദ്രത്തില്‍ പ്രതിദിനം 5000 ത്തില്‍പരം പേരാണ് പല നേരങ്ങളിലായി ഭക്ഷണം കഴിക്കുന്നത്.
500 പേര്‍ക്ക് വിരിവെച്ച് കിടക്കാനും പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും വാഹനങ്ങള്‍ ബുക്ക് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്. വരുംദിവസങ്ങളില്‍ തിരക്ക് കൂടുന്നതിനുള്ള സാഹചര്യം പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങള്‍ അയ്യപ്പ സേവാ കേന്ദ്രത്തില്‍ ഒരുക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരനും ജോ. സെക്രട്ടറി അഡ്വ. അനില്‍ വിളയിലും അറിയിച്ചു.