ജിസാൻ: ഭൂതകാലത്തിന്റെ പൈതൃകവും ഗതകാലത്തിന്റെ കുലീനതയും സമന്വയിപ്പിക്കുന്ന ദൃശ്യങ്ങളൊരുക്കി സൗദി കടലോര നഗരമായ ജിസാനിലെ ‘ഹെറിറ്റേജ് വില്ലേജ്’. ‘അൽ ഖർയത്തു തുറാസിയഃ’ എന്നറിയപ്പെടുന്ന പൈതൃക ഗ്രാമം ‘ജിസാൻ വിന്റർ 2025’ ഉത്സവത്തിന്റെ മുന്നൊരുക്കത്തിലാണിപ്പോൾ. സീസണിലെ വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും സന്ദർശകർക്ക് പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന സമ്പന്നമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ള കേന്ദ്രം കൂടിയാണിത്.
വിവിധ സാംസ്കാരിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഇവിടെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹെറിറ്റേജ് വില്ലേജിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വില്ലേജിലെ കവാടം കടന്ന് അകത്ത് പ്രവേശിക്കുമ്പോൾ തന്നെ പഴമയുടെ പെരുമ വിളിച്ചോതുന്ന ശേഷിപ്പുകൾ നമുക്ക് കാണാം. 22,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പൈതൃക നഗരം ഒന്നര പതിറ്റാണ്ട് മുമ്പാണ് നിർമിച്ചത്.
വാസ്തുവിദ്യയുടെ മികവോടെ പണിത മൂന്നു നിലകളുള്ള ‘ബൈത്തുൽ ജബലി’ ഗ്രാമത്തിലെത്തുന്ന സന്ദർശകരെ ഹഠാദാകർഷിക്കുന്നു. ആധികാരികതയും പൈതൃകവും സമന്വയിപ്പിച്ച് രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സ്വത്വം പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയാക്കി ഇവിടെ മാറ്റിയിട്ടുണ്ട്. അറബ് പരമ്പരാഗത വീടുകളുടെ തനതായ വാസ്തുവിദ്യ ശൈലികളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും പ്രദേശത്തെ കരകൗശല വിദഗ്ധരുടെ അതുല്യമായ ഉൽപന്നങ്ങളുടെ ശേഖരങ്ങളും ഇവിടെ കാണാം.
സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സംവേദനാത്മക മാനം നൽകുന്നതിനുമായി കരകൗശല പ്രവർത്തനങ്ങളിൽ ആളുകളെ പ്രോത്സാഹിപ്പിക്കാനും ഇവിടെ അവസരം നൽകുന്നു.
കടൽ ജീവികളുടെയും മറ്റും ഫോസിലുകൾ ഉൾപ്പെടുന്ന ചെറിയൊരു മ്യൂസിയവും പൈതൃക ഗ്രാമത്തിലുണ്ട്. അറബ് നാഗരികതയുടെ ചരിത്രത്തിലേക്കും ജിസാൻ മേഖലയിലെ പുരാതന അറബ് സമൂഹത്തിന്റെ സവിശേഷതകളിലേക്കും പൈതൃക ഗ്രാമം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജലസ്പർശമുള്ള ഇടങ്ങളെ ആശ്രയിച്ച് പുഷ്ടിപ്പെട്ട പ്രാചീന ജനവാസ കേന്ദ്രങ്ങളിലൊന്നാണ് ജിസാൻ.
പഴമയുടെ പൊരുൾ തേടി ചരിത്ര ഗവേഷകരും സഞ്ചാരികളും ഇവിടെ എത്തുന്നു. നാടിന്റെ പൈതൃക സംരക്ഷണപദ്ധതികളുടെ നടത്തിപ്പിൽ പുതുതലമുറയെ കൂടി ഭാഗഭാക്കാക്കുന്നതിന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് ഹെറിറ്റേജ് അതോറിറ്റിയുടെ പ്രവർത്തങ്ങൾ ഏറെ ശ്രദ്ധേയമാണ്. പഴയകാലത്തെ കർഷകർ നിത്യജീവിതത്തിനും കാർഷിക വൃത്തിക്കും ദൈനംദിനം ഉപയോഗിച്ചിരുന്ന കരകൗശല വസ്തുക്കൾ, മത്സ്യബന്ധനത്തിനായി മുക്കുവർ ഉപയോഗിച്ചിരുന്ന വേറിട്ട ഉപകരണങ്ങൾ, പുരാവസ്തു ശേഖരങ്ങൾ, പഴയ പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവയുടെ തനിമ ചോരാത്ത ശേഷിപ്പുകൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്.
പാരമ്പര്യത്തിന്റെ പ്രതീകമായ നാടൻ സാധനങ്ങൾ, കരകൗശല വസ്തുക്കൾ, തേൻ, പച്ചമരുന്നുകൾ തുടങ്ങിയവ സന്ദർശകർക്ക് വിലകൊടുത്ത് വാങ്ങാനുള്ള പവിലിയനുകളും ഈ പൈതൃക വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.