ദോഹ: കമ്പിളിപ്പുതപ്പിനുള്ളിലേക്ക് പിടിച്ചുവലിക്കുന്ന തണുപ്പിനിടെ പുതിയൊരു കേന്ദ്രത്തിലേക്ക് യാത്രപോയി, ആസ്വാദ്യകരമാക്കിയാലോ …? പതിവു ഇടങ്ങൾ വിട്ട് ലോങ് ഡ്രൈവും ഒപ്പും മരുഭൂമിയിലെ സാംസ്കാരിക പൈതൃകകേന്ദ്രം അറിഞ്ഞുമുള്ള ഒരു അവധിക്കാല യാത്ര.
തെളിഞ്ഞ ആകാശത്ത് പൂത്തുലഞ്ഞ താരകങ്ങൾക്ക് താഴെയിരുന്ന് അത്താഴം കഴിക്കാനും, കൂറ്റൻ ഹോട്ട് എയർ ബലൂണിൽ പറക്കാനും, ഖത്തറിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും കൂടുതലറിയാനും കൊതിക്കുന്നവർക്ക് അവസരമൊരുക്കി വിസിറ്റ് ഖത്തർ കാത്തിരിക്കുന്നു.
ദോഹയിൽനിന്നും ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്ത് 100കിലോമീറ്റർ പിന്നിട്ടാലെത്തുന്ന റാസ് അബ്രൂഖാണ് ഖത്തറിന്റെ വിനോദ സഞ്ചാരത്തിന് പുതിയ മുഖം സമ്മാനിച്ചുകൊണ്ട് സന്ദർശകർക്കായി തുറന്നു നൽകിയത്.
യുനെസ്കോ പട്ടികയിലെ റാസ് അബ്രൂഖ്
പ്രകൃതിയും സംസ്കാരവും വിനോദവും ഒരുമിക്കുന്ന പുതിയ വിനോദസഞ്ചാര കേന്ദ്രമായ റാസ് അബ്രൂഖിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. താമസക്കാരും പൗരന്മാരും സന്ദർശകരുമടക്കം നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി റാസ് അബ്രൂഖിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. യുനെസ്കോയുടെ അംഗീകാരമുള്ള അൽ റീം ബയോസ്ഫിയർ റിസർവിന് സമീപത്താണ് റാസ് അബ്രൂഖ് സ്ഥിതി ചെയ്യുന്നത്.
വിസിറ്റ് ഖത്തറിന് കീഴിൽ ഡിസംബർ 18ന് തുറന്നു കൊടുത്ത ഇവിടേക്ക് 2025 ജനുവരി 18 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന വിനോദ പ്രവർത്തനങ്ങളും അതിമനോഹര പ്രകൃതിഭംഗിയുമാണ് റാസ് അബ്രൂഖിനെ വ്യത്യസ്തമാക്കുന്നത്. രാത്രി 8.30 വരെയാണ് ഇവിടേക്കുള്ള പ്രവേശനം. 10 റിയാൽ മാത്രമാണ് പ്രവേശന ഫീസ്.
സന്ദർശകർക്ക് സൗജന്യമായി തന്നെ നിരവധി വിനോദ പ്രവർത്തനങ്ങൾ ആസ്വദിക്കാൻ സാധിക്കും. പണമടച്ചാൽ ആവേശകരമായ നിരവധി മറ്റു വിനോദങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തത്സമയ വിനോദങ്ങൾ, കലാ പ്രദർശനങ്ങൾ, കുട്ടികളുടെ ആക്ടിവിറ്റികൾ, പ്രാദേശിക വിപണികളിലേക്കുള്ള പ്രവേശനം, വിശ്രമമുറികൾ തുടങ്ങിയ അവശ്യ സൗകര്യങ്ങളും ഫിലിം സിറ്റിയിലേക്കും ഡിസേർട്ട് എസ്കേപ്പിലേക്കുമുള്ള പൊതു പ്രവേശനവും പ്രവേശന ഫീസിലുൾപ്പെടും. എന്നാൽ ഒട്ടക, കുതിര സവാരികൾ, ബലൂൺ സഫാരി, ഭക്ഷണം, റിസോർട്ട് എന്നിവ ഉൾപ്പെടെയുള്ളതിന് അധികമായി പണമടക്കണം.
ഫിലിം സിറ്റി
നിരവധി ആകർഷണങ്ങളാണ് ഫിലിം സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. ഗെർല ഇറ്റാലിയൻ കോഫി, ചോക്ലറ്റ് ഷോപ്പ്, ബ്ലൂ റിബൺ ഗാലറി ശേഖരം, റാസ് അബ്രൂഖ് നേച്വർ റൈഡ്, കുതിര സവാരി, ഒട്ടക സവാരി, കിഡ്സ് ഗെയിമുകൾ, അൽ ഹോഷിന്റെ പരമ്പരാഗത ഖത്തരി മജ്ലിസ്, തോർബ ഫാമിൽനിന്നുള്ള ആർട്ട് ഇൻസ്റ്റലേഷനുകളും രുചി വൈവിധ്യങ്ങളും, റാസ് അബ്രൂഖ് തിയറ്റർ കമ്പനിയുടെ പ്രകടനം എന്നിവയാണ് ഫിലിം സിറ്റിയിലെ പ്രധാന ആകർഷണങ്ങൾ.
ദി ഡെസേർട്ട് എസ്കേപ്പ്
ത്രില്ലടിപ്പിക്കുന്ന അനുഭവവും, അതോടൊപ്പം ഏറെ ശാന്തതയുമാണ് ഒരാൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ദി ഡെസേർട്ട് എസ്കേപ്പ്. ഹ്യുമോയിലെ നക്ഷത്രങ്ങൾക്ക് കീഴിലെ അത്താഴവിരുന്നാണ് ഇവിടത്തെ പ്രധാന സവിശേഷതകളിലൊന്ന്. ഒരാൾക്ക് 375 റിയാലാണ് ഒരു ബാർബിക്യൂ സെറ്റിനായി നിശ്ചയിച്ചിരിക്കുന്നത്.
ഹോട്ട് എയർ ബലൂണുകളിലൂടെയുള്ള റൈഡുകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. 50 റിയാലിന് 20 മിനിറ്റ് ആകാശത്തിലൂടെ കൂറ്റൻ ബലൂണിൽ പറക്കാം. ഡി.ജെ പാർട്ടിയും ചിൽ ഔട്ട് ലോഞ്ചിലെ വിശ്രമം, അമ്പെയ്ത്ത്, ട്രാംപൊലിൻ ആക്ടിവിറ്റികൾ, 25 മിനിറ്റുള്ള ഹണ്ടിങ് ഷോയും ഫാൽക്കൺ ആക്ടിവിറ്റികളും, രാത്രി ഏഴിനും എട്ടിനുമുള്ള സ്റ്റാർഗേസിങ് സെഷനുകളിലൂടെ കോസ്മോസ് കണ്ടെത്തുക, വിവിധ ശിൽപശാലകൾ എന്നിവയെല്ലാം സഞ്ചാരികൾക്കായി ദി ഡെസേർട്ട് എസ്കേപ്പിൽ ഒരുക്കിയിട്ടുണ്ട്. ഖത്തറിന്റെ പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചൈതന്യവുമായി റാസ് അബ്രൂഖ് സഞ്ചാരികൾക്ക് പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുന്നത്.
റൂട്ട് മാപ്
ദോഹയിൽനിന്ന് ദുഖാൻ ഹൈവേയിലൂടെ ഒരു മണിക്കൂറിലേറെ സഞ്ചരിച്ചാൽ എക്സിറ്റ് 72 ലെത്തി അവിടെനിന്ന് സക്രീത് റോഡിൽ പ്രവേശിക്കണം. തുടർന്നുള്ള അടയാള ബോർഡുകൾ പിന്തുടർന്ന് വേണം പോകാൻ. സക്രീത് റോഡിൽ ഇടതുവശത്തായി കാണുന്ന ഇൻസ്റ്റലേഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് ഡെസേർട്ട് റോഡിലേക്ക് പ്രവേശിച്ച് യാത്ര തുടരാം. ഫിലിം സിറ്റിയിലേക്കുള്ള യാത്രയിൽ റാസ് അബ്രൂഖിൽ എത്തിച്ചേരും.