കൊച്ചി: പ്രണയാതുരനായ ഒരു കഥാകാരനായിരുന്നു എംടിയെന്ന് ലോഹിതദാസ്.പഴയ ഒരു ടിവി ഇന്‍റര്‍വ്യൂവിലാണ് ലോഹിതദാസ് എംടിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്
.
“അദ്ദേഹത്തിന്റെ എല്ലാ കഥകളും പ്രണയത്തിന്റെ മധുരം ചാലിച്ചവയാണ്. പ്രണയത്തിന്റെ മേഖല എംടിയെ സംബന്ധിച്ചിടത്തോളം ഹൃദ്യമായിരുന്നു. ഫ്ലാഷ് ബാക്ക് എന്ന സങ്കേതം അതിഗംഭീരമായി ഉപയോഗിച്ചത് അക്ഷരങ്ങളാണ്. മൂന്ന് വ്യക്തികളുടെ ഓര്‍മ്മകളിലൂടെ ഇതള്‍ വരിയുന്ന കഥയാണ് അക്ഷരങ്ങള്‍..
“‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ ആണ് തിരക്കഥ എന്തെന്ന് അറിയാന്‍ ഞാന്‍ കണ്ടത്. 23 തവണയാണ് ഞാന്‍ അത് കണ്ടത്. അത് ഏകാഗ്രമായ കഥയല്ല. ഒരു പാട് ജീവിതങ്ങള്‍ കോര്‍ത്തിണക്കിയ കഥയാണ് അത്.
“മലയാള സിനിമയില്‍ ഫ്ലാഷ് ബാക്ക് ഏറ്റവും ഗുണപരമായി ഉപയോഗിച്ച തിരക്കഥാകൃത്താണ് എംടി. സിനിമയായാലും നാടകമായാലും അതിന്റെ മൂല്യം എന്നത് അതിന്റെ സാഹിത്യാംശമാണ്. മലയാളസിനിമയില്‍ സാഹിത്യാംശം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച കാലത്തിന്റെ പ്രതിനിധിയാണ്. അതുകൊണ്ട് എത്ര കാലം കഴിഞ്ഞാലും എംടിയുടെ സിനിമകള്‍ നമുക്ക് മടുക്കില്ല.”-ലോഹിതദാസ് അന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു