ഡല്‍ഹി: സ്ത്രീകളിലെ കാന്‍സറിനുളള വാക്‌സിന്‍ 5-6 മാസങ്ങള്‍ക്കുളളില്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ്. 9തിനും 16നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി വ്യക്തമാക്കി. കാന്‍സര്‍ വാക്‌സിന് വേണ്ടിയുളള ഗവേഷണം അന്തിമ ഘട്ടത്തിലാണെന്നും പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നത്തെ നേരിടുന്നതിനുളള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. 30 വയസ്സിന് മുകളിലുളള സ്ത്രീകളെ ആശുപത്രികളില്‍ കാന്‍സര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. മാത്രമല്ല പ്രാരംഭഘട്ടത്തില്‍ തന്നെ രോഗനിര്‍ണയത്തിന് സഹായിക്കുന്ന ഡേകെയര്‍ കാന്‍സര്‍ സെന്ററുകള്‍ക്കും രൂപം കൊടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയുളള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ ഒഴിവാക്കിയിട്ടുളളതും മന്ത്രി ചൂണ്ടിക്കാട്ടി. സ്തനാര്‍ബുദം, വായിലെ അര്‍ബുദം, സെര്‍വിക്കല്‍ അര്‍ബുദം എന്നീ കാന്‍സര്‍ വകഭേദങ്ങള്‍ക്കുളള വാക്‌സിന്‍ ആണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുകയെന്നും മന്ത്രി വ്യക്തമാക്കി.