മനാമ: കാശ്‌മീർ തീവ്രവാദ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കായും, ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിലും വോയ്‌സ് ഓഫ് ആലപ്പി അനുശോചിച്ചു. സഗയ്യയിൽ വച്ച് നടന്ന മീറ്റിംഗിൽ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾ തിരി തെളിയിച്ച് മൗനപ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
കശ്‌മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നിരായുധരായ വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവരുടെയും മനസാക്ഷി മരവിപ്പിക്കുന്നതാണെന്നും, ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി നിലകൊണ്ട ഫ്രാൻസിസ് മാർപ്പാപ്പ മതാചാര്യനുപരി ഒരു മനുഷ്യാചാര്യൻ കൂടിയായിരുന്നെന്ന് വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി അനുസ്മരിച്ചു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളും, ഏരിയ ഭാരവാഹികളും, ലേഡീസ് വിങ് കമ്മറ്റി അംഗങ്ങളും ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു.