മനാമ: മെയ് 9,10 തീയ്യതികളിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സി ഇ ഒ. അജിത് കൊളാശേരി എന്നിവർ പങ്കെടുത്ത് സംസാരിക്കുകയും നോർക്കയുമായി ബന്ധപ്പെട്ട വിവിധ പരാതികളും സംശയങ്ങളും ദൂരീകരിക്കുന്നതും സംസ്ഥാന സർക്കാർ പ്രവാസികൾക്ക് വേണ്ടി ആരംഭിച്ച വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുമെന്ന് കേരള സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബഹറൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ബഹറൈനിലെ മലയാളികൾക്ക് തങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മുന്നോട്ടുവെക്കാനും പരാതികൾ സമർപ്പിക്കാനുമുള്ള മികച്ച അവസരമാണ് നോർക്ക റൂട്ട്സിന്റെ പ്രതിനിധികളുടെ സന്ദർശനത്തിലൂടെ സാധ്യമാകുന്നത് എന്നും ഈ അവസരം ഉപയോഗപ്പെടുത്താൻ ബഹറൈൻ മലയാളികൾ മുന്നോട്ടുവരണമെന്നും കേരള സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് ചുമതലയുള്ള വർഗീസ് ജോർജ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ 39291940,36129714 ഈ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.