മനാമ. മുസ്ലിം ലീഗ് ദേശിയ സമിതി അംഗങ്ങൾ ആയി തെരെഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ , ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ ചെന്നെയിൽ വെച്ചു നടക്കുന്ന പാർട്ടിയുടെ ദേശീയ കൗൺസിലിൽ പങ്കെടുക്കുന്നതിന് വേണ്ടി പുറപ്പെട്ടു.
കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഹബീബ് റഹ്മാനെയും, ശംസുദ്ധീൻ വെള്ളികുളങ്ങരയെയും അഭിനന്ദിച്ചു.
ദേശീയ തലത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂർത്തിയാക്കിയതിനെ തുടർന്ന് നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിൽ യോഗം മെയ് 15 ന് ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.പാർട്ടി സംഘടനാ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഓൺലൈനായിട്ടാണ് നടന്നത്.
കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി ചേർത്ത് നടത്തിയ ക്യാമ്പയിൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. മെമ്പർഷിപ്പ് പൂർത്തിയാക്കി ജില്ലാ കൗൺസിലുകളും സംസ്ഥാന കൗൺസിലുകളും വ്യവസ്ഥാപിതമായി ചേർന്ന് കമ്മിറ്റികൾ നിലവിൽ വന്നതിനു ശേഷമാണ് ചെന്നെ ദേശീയ കൗൺസിൽ നടക്കുന്നത്. അടുത്ത മെമ്പർഷിപ്പ് കാലയളവ് വരെ പാർട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗൺസിൽ തെരഞ്ഞെടുക്കും.
ചരിത്ര പ്രാധാന്യമുള്ള കൗൺസിൽ മീറ്റിൽ പങ്കെടുക്കുന്നതിന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ നാട്ടിൽ നിന്നും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ബഹ്‌റൈനിൽ നിന്നും ചെന്നെയിലേക്ക് പുറപ്പെട്ടു.









