മനാമ :പുതു തലമുറയെ ബാധിക്കുന്ന ലഹരി ഉപയോഗം, സ്ക്രീൻ അഡിക്ഷൻ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം, ടീൻസ് ഇന്ത്യക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി.
സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന പരിപാടിയിൽ അധ്യാപികയും, ട്രെയിനറുമായ നുസൈബ മൊയ്‌തീൻ ക്ലാസെടുത്തു.റിക്ലെയിം,ടേക്കിങ് ബാക്ക് കൺട്രോൾ ഓഫ് ലൈഫ് തുടങ്ങിയ വിഷയങ്ങളിൽ അവബോധന ക്ലാസ് നൽകി.
“കുടുംബ ബന്ധം ബലമായാൽ, ലഹരിയ്ക്ക് അവസരമേയില്ല” എന്ന സന്ദേശം ക്ലാസിന്റെ അടിസ്‌ഥാന ചിന്തയായിരുന്നു.കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തിയും, കുട്ടികൾക്കായി സമയം നൽകിയും, അവരെ കേൾക്കുവാനും, അവരുടെ മനസ്സിൽ യഥാർത്ഥ സുരക്ഷയും ആത്മവിശ്വാസവും രൂപപ്പെടുത്തിക്കൊണ്ടും,
സംവേദനശേഷിയുള്ള കുട്ടികളെ വാർത്തെടുക്കേണ്ടതുണ്ടെന്ന് രക്ഷിതാക്കളെയും ഓർമിപ്പിച്ചു.
ക്ലാസിന്റെ ഭാഗമായി ലഹരി ഉപയോഗം, സ്ക്രീൻ അഡിക്ഷൻ,പരസ്പര ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും, വിഷയാധിഷ്ഠിത ഗ്രൂപ്പ് പ്രവർത്തനങ്ങളും വിദ്യാർത്ഥികളിൽ സ്വയംബോധം, ചിന്താശക്തി, വിമർശനപരമായ ആലോചന, എന്നിവയെ ഉണർത്തുന്നതിനു സഹായിച്ചു.
പരിപാടിക്ക് സജീബ്,ബുഷ്റ ഹമീദ് ,ഫസീല ഹാരിസ്, മെഹ്റ മൊയ്തീൻ, സൽമ സജീബ്,സെയ്ഫുന്നിസ റഫീഖ്, റസീന അക്ബർ, നസീറ ഉബൈദ് എന്നിവർ നേതൃത്വം നൽകി.