മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂൺ 12 മുതൽ 15 വരെ നടക്കും. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഈ നാടകോത്സവത്തിന്റെ ആദ്യ ദിനം അനിൽകുമാർ ടിപി എളേറ്റിലിന്റെ രചനയിൽ സജീഷ് തീക്കുനി സംവിധാനം ചെയ്യുന്ന ’’തിട്ടൂരകറുപ്പ്”, എ. ശാന്തകുമാറിന്റെ രചനക്ക് രമേഷ് ബേബിക്കുട്ടൻ സംവിധാനം ചെയ്യുന്ന ’’ വീടുകൾക്കെന്തു പേരിടും’’ എന്നീ നാടകങ്ങൾ അരങ്ങുണർത്തും.
ജൂൺ 13ന് അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹാർവെസ്റ്റ്, ആശാമോൻ കൊടുങ്ങല്ലൂർ രചന നിർവഹിച്ച് ഹരീഷ് മേനോൻ സംവിധാനം ചെയ്യുന്ന നാവ് എന്നിവയും, മൂന്നാം ദിനത്തിൽ വിഷ്ണു നാടകഗ്രാമം അവതരിപ്പിക്കുന്ന മൗറീസ് മെയ്റ്റർലിങ്കിന്റെ ദ മിറാക്കൾ ഓഫ് സെയിന്റ് ആന്റണി എന്ന നാടകത്തിന്റെ സ്വതന്ത്ര ആവിഷ്കാരമായ മിറാക്കൾസ് ഓഫ് പുണ്യാളൻ, എമിൽ മാധവിയുടെ രചനയിൽ നജീബ് മീരാൻ സംവിധാനം ചെയ്യുന്ന സ്വപ്ന ദംശനം എന്നിവയും അരങ്ങിലെത്തും.

നാടകോത്സവത്തിന്റെ അവസാന ദിവസമായ 15ന് പ്രജിത്ത് നമ്പ്യാർ രചന നിർവഹിച്ച് ഷാഗിത്ത് രമേഷ് സംവിധാനം ചെയ്യുന്ന കത്രിക, ഹരികുമാർ കിടങ്ങൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ബഥേൽ എന്നീ നാടകങ്ങളോടെ ഈ വർഷത്തെ പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തിരശ്ശീല വീഴും.









