മുംബയ്: കൊച്ചി ടസ്‌കേഴ്സിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 538 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് കൊച്ചി ടസ്‌കേഴ്സ് കേരള ടീമിനെ പുറത്താക്കിയ നടപടിയിലാണ് കാലങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കു ശേഷം വിധിയുണ്ടായത്. ബിസിസിഐയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.
കരാര്‍ ലംഘനം ആരോപിച്ചായിരുന്നു 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്സ് ടീമിന്റെ ആവശ്യവും ബിസിസിഐ തള്ളിയിരുന്നു.
ആര്‍ബിട്രേറ്ററുടെ കണ്ടെത്തലുകളില്‍ കോടതിക്ക് അപ്പീല്‍ അതോറിറ്റിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ആര്‍ഐ ചാഗ്ല പറഞ്ഞു. ആര്‍ബിട്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 34 പ്രകാരം ഈ കോടതിയുടെ അധികാരപരിധി വളരെ പരിമിതമാണെന്ന് കോടതി വ്യക്തമാക്കി. റെന്‍ഡെസ്വസ് സ്‌പോര്‍ട്‌സ് വേള്‍ഡ് നയിക്കുന്ന കണ്‍സോര്‍ഷ്യത്തിന്‌റെ ഉടമസ്ഥതയിലായിരുന്ന ടസ്‌കേഴ്സ് 2011 ഐപിഎല്ലില്‍ പങ്കെടുത്തു. എന്നാല്‍ 2011 സെപ്റ്റംബറില്‍ പുറത്താക്കുകയായിരുന്നു.