ഇറാന് – ഇസ്രയേല്‍ സംഘര്‍ഷം ഇത്രമാത്രം മൂര്‍ച്ഛിച്ചിട്ടും ആക്രമണ പരമ്പരകള്‍ അരങ്ങേറിയിട്ടും ഇതുവരെ, ഇറാന്‍ റഷ്യയില്‍ നിന്നും സൈനിക സഹായം ആവശ്യപ്പെടാതിരുന്നതില്‍ അമ്പരന്നിരിക്കുന്നത് അമേരിക്കയാണ്. അങ്ങനെയെങ്കില്‍, എത്രമാത്രം ആയുധശേഖരം ഇറാനില്‍ കാണുമെന്നതാണ്, ഇസ്രയേലിന്റെയും ചങ്കിടിപ്പിക്കുന്നത്. ഗാസയിലും ലെബനനിലും സിറിയയിലും നടത്തിയതു പോലെ, പെട്ടന്ന് ഇറാനെയും തീര്‍ക്കാമെന്ന് കരുതി ഇറങ്ങിതിരിച്ചവര്‍ സ്വയം തീരാന്‍ പോകുന്ന അവസ്ഥയാണിത്. വളരെക്കാലമായി ആയുധ നിര്‍മ്മാണ രംഗത്ത് ഇറാന്‍ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റമാണ് ശത്രുവിന്റെ നേര്‍ക്ക് അവരിപ്പോള്‍ എടുത്ത് പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രയേലിനെതിരെ ഒന്നിലധികം പോര്‍മുനകളുള്ള മിസൈലുകളും ഇറാന്‍ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനും കനത്ത നാശം വിതയ്ക്കാനും ഇത്തരം മിസൈലുകള്‍ക്കു ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
Also Read: ആയിരക്കണക്കിന് കുഞ്ഞൻ ബോംബുകൾ ഒറ്റ ബോംബിൽ, അതാണ് ഇറാൻ പ്രയോഗിച്ചത്
ഇസ്രയേലിനെതിരെ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകളും ഇറാന്‍ പ്രയോഗിച്ച് തുടങ്ങിയത്, അമേരിക്കയുടെയും ഇസ്രയേലിന്റെയും സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്നതാണ്. ലോകം ഭയക്കുന്ന ബോംബുകളില്‍ പ്രധാനിയാണിത്. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇറാന്‍ ഇത്തരം ബോംബുകള്‍ പ്രയോഗിക്കുന്നതെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈലുകളില്‍ പോര്‍മുനയായി ഘടിപ്പിക്കുന്ന ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതോ നൂറോ ബോംബുകളായി ചിതറിത്തെറിക്കും. മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ഇറാന്‍ തൊടുത്തുവിട്ട ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഏറെ അപകടം പിടിച്ച ക്ലസ്റ്റര്‍ ബോംബാക്രമണത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന കാര്യത്തില്‍, ഇസ്രയേല്‍ സൈന്യവും ആ നാട്ടിലെ ജനങ്ങളും ഭയചകിതരാണ്.

മധ്യ ഇസ്രയേലിലെ അസോറില്‍ ഉള്‍പ്പെടെ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും ഇത് വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകന്‍ ഇമ്മാനുവല്‍ ഫാബിയനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2008-ല്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച, കൊടും നശീകരണ ശേഷിയുള്ള ആയുധമാണ്, ഇറാന്‍ എടുത്തിട്ട് ഇപ്പോള്‍ പ്രയോഗിച്ചിരിക്കുന്നത്. ക്ലസ്റ്റര്‍ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഇറാനും ഇസ്രയേലും ഒപ്പിട്ടിരുന്നില്ല. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്ന്, ഇസ്രയേല്‍ പരസ്യമായി വ്യക്തമാക്കിയ ഉടനെ തന്നെയാണ് ക്ലസ്റ്റര്‍ ബോംബും ഇറാന്‍ പ്രയോഗിച്ചിരിക്കുന്നത്. ഇനി ഇസ്രയേല്‍ ഏത് തരം ആക്രമണം നടത്തിയാലും, അതിനെതിരെ വിനാശകാരികളായ മറ്റ് ആയുധങ്ങള്‍ പുറത്തെടുക്കുമെന്നാണ്, ഇറാന്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
എന്തും ചെയ്യാന്‍ മടിക്കാത്ത മാനസികാവസ്ഥയുള്ള ഇസ്രയേലിനെതിരെ അവര്‍ പ്രയോഗിക്കുന്നതിനേക്കാള്‍ ശക്തമായ ആയുധങ്ങള്‍ പ്രയോഗിക്കുന്ന ഇറാന്റെ നിലപാട് അമേരിക്കയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ്. ഇസ്രയേലിന് എതിരെ ഇങ്ങനെ ആക്രമിക്കുന്ന ഇറാന്‍, അവരുടെ ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചാല്‍ എങ്ങനെയൊക്കെ തിരിച്ചടിക്കുമെന്നതില്‍ അമേരിക്കന്‍ ഏജന്‍സികള്‍ക്കും ആശങ്കയുണ്ട്. ഇറാനെ വിലയിരുത്തിയതില്‍ തെറ്റുപറ്റി പോയെന്ന നിലപാടും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താതെയാണ്, ട്രംപ് ഇറാനെ വെല്ലുവിളിച്ചിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ട്രംപും ഇപ്പോള്‍ രണ്ടടി പിറകോട്ട് വച്ചിട്ടുണ്ട്.

അമേരിക്ക ഇറാനു നേരെ ആക്രമണം നടത്തിയാല്‍, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുമെന്ന ആശങ്കയാണ്, ഇതുവരെ ഉണ്ടായിരുന്നതെങ്കില്‍, നിലവിലെ അവസ്ഥ അതല്ല. അമേരിക്ക വരെ എത്തി നാശം വിതയ്ക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകളുടെ വന്‍ ശേഖരം തന്നെ, ഇറാന്റെ ആവനാഴിയിലുണ്ടെന്ന വിവരമാണിപ്പോള്‍ പുറത്ത് വരുന്നത്. ചില അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഈ വിവരവും പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ, ഇറാനെ ആക്രമിക്കുന്നതിന് എതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്. വട്ടനായ പ്രസിഡന്റ് അമേരിക്കന്‍ ജനതയുടെയും സൈന്യത്തിന്റെയും ജീവന്‍കൊണ്ട് കളിക്കരുതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതോടെയാണ്, രണ്ടാഴ്ച കഴിഞ്ഞേ ഇറാന്റെ ആണവ നിലയം ഉള്‍പ്പെടെ ആക്രമിക്കുന്നത് ആലോചിക്കുകയുള്ളൂവെന്ന നിലപാടിലേക്ക്, ട്രംപ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായാണ് ഇവര്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
ട്രംപുമായി ഉടക്കിലുള്ള ഫ്രാന്‍സിന്, ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുന്നത് ശരിയല്ലെന്ന നിലപാടാണുള്ളത്. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം വേറെ രൂപത്തിലേക്ക് മാറിയാല്‍, അത് യൂറോപ്പിനും വന്‍ പ്രഹരമാകും. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍, പശ്ചിമേഷ്യയില്‍ മാത്രമല്ല, യൂറോപ്പിനും അത് വന്‍ പ്രഹരമായി മാറുമെന്ന തിരിച്ചറിവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. റഷ്യക്ക് എതിരെ യുക്രെയ്നെ സഹായിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്, മറ്റൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ശേഷില്ലെന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അവസരം മുതലാക്കി റഷ്യ, യൂറോപ്പിനെ ആക്രമിക്കുമെന്ന ഭയമാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. അമേരിക്കയോ, മറ്റേതെങ്കിലും രാജ്യമോ ഇറാന് നേരെ ആക്രമണം തുടങ്ങിയാല്‍, ആ നിമിഷം തന്നെ, റഷ്യയും ചൈനയും ഇറാനു വേണ്ടി രംഗത്തിറങ്ങുമെന്നാണ് സി.ഐ.എ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാന്‍ ആവശ്യപ്പെട്ടാല്‍, എന്ത് തരം ആയുധസഹായങ്ങള്‍ നല്‍കാനും റഷ്യ തയ്യാറാകുമെന്നാണ് റഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, എല്ലാവരും ഭയക്കേണ്ട മറ്റൊരു കാര്യം ഇപ്പോള്‍ ഇറാനിലുണ്ട്. അത് ഇറാനിലെ ബുഷെഹറില്‍ സ്ഥിതി ചെയ്യുന്ന റഷ്യന്‍ നിര്‍മിത ആണവനിലയമാണ്. ഈ നിലയത്തിനു നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയാലും, അമേരിക്ക ആക്രമണം നടത്തിയാലും, പിന്നെ യുദ്ധത്തിന്റെ ഗതിമാറി, റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുക. യുക്രെയ്നില്‍ റഷ്യ, സൈനിക പരിശീലനം നടത്തുന്ന മോഡലില്‍ കാഴ്ചവയ്ക്കുന്ന ലളിതമായ സൈനിക നടപടിയല്ല ഇറാനൊപ്പം റഷ്യ ചേര്‍ന്നാല്‍ സംഭവിക്കുക എന്നതും നാം മസ്സിലാക്കേണ്ടതുണ്ട്. ഇറാനിലെ റഷ്യന്‍ നിര്‍മിത ആണവകേന്ദ്രത്തില്‍, നിരവധി റഷ്യന്‍ ഉദ്യോഗസ്ഥരുണ്ട്. റഷ്യന്‍ സൈനികരും ഇവിടെ കാവലുണ്ട്. ഈ ആണവ നിലയം ആക്രമിക്കപ്പെട്ടാല്‍, റഷ്യന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെടും. അങ്ങനെ സംഭവിച്ചാല്‍, ഇസ്രയേലിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ പോലും പുടിന്‍ മടിക്കുകയില്ല.
മൂന്ന് പതിറ്റാണ്ടുകളായി റഷ്യയും ഇറാനും ആണവ പദ്ധതിയില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. 2022ല്‍ യുക്രെയ്നില്‍ സൈനിക നടപടി ആരംഭിച്ചതിനുശേഷമാണ് ഇറാനുമായുള്ള സൈനിക ബന്ധം റഷ്യ കൂടുതല്‍ ശക്തമാക്കിയിരുന്നത്. ജനുവരിയില്‍, ഇരുരാജ്യങ്ങളും തന്ത്രപരമായ ഒരു പങ്കാളിത്ത കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ സ്റ്റേറ്റ് ആറ്റോമിക് എനര്‍ജി കോര്‍പ്പറേഷന്‍ നിര്‍മിച്ച ബുഷെഹറിലെ ആണവനിലയത്തില്‍, 200 ഓളം റഷ്യന്‍ ഉദ്യോഗസ്ഥരാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിയുമായി, തുടര്‍ന്നും റഷ്യ സഹകരിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ക്ക് ഒന്നിന്നും, ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു തരത്തിലുള്ള കേടുപാടുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യന്‍ വിദഗ്ദര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, ഇറാന്‍ – ഇസ്രയേല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വിവരങ്ങളും തെറ്റാണെന്നു തന്നെയാണ് റഷ്യന്‍ പ്രസിഡന്റും ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുന്‍ നിര്‍ത്തി റഷ്യന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തകളില്‍ ഇറാന്‍ വ്യോമപാതയില്‍ കയറി ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന വാദങ്ങളെയും രേഖകള്‍ സഹിതം പൊളിച്ചടുക്കിയിട്ടുണ്ട്. ഇറാഖ് ഉള്‍പ്പെടെയുള്ള അമേരിക്കയുടെ നിയന്ത്രണത്തിലുള്ള വ്യോമപാതയില്‍ നിന്നാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് പുടിനും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
Also Read: ഇറാനെ അമേരിക്ക ആക്രമിക്കാന്‍ സാധ്യത, അങ്ങനെ വന്നാല്‍ മധ്യേഷ്യ കത്തും: റഷ്യയുടെ മുന്നറിയിപ്പ്
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങള്‍, ഇറാനിയന്‍ സമൂഹത്തിന്റെ ‘ഏകീകരണത്തിന്’ കാരണമായതായും റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ‘ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും ആഗ്രഹിക്കുന്നില്ല’ എന്നാണ് രോഷത്തോടെ പുടിന്‍ പ്രതികരിച്ചിരിക്കുന്നത്. ഖമേനിയെ ലക്ഷ്യമിടുന്നതിന് എതിരെ, പുടിന്‍ ഇസ്രയേലിനും അമേരിക്കയ്ക്കും നേരത്തെ തന്നെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ചുരുക്കം ചില രാഷ്ട്ര നേതാക്കളില്‍ പ്രമുഖനായാണ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ, എന്താണ് റഷ്യയുടെ പ്ലാന്‍ എന്നതും, കണ്ടുതന്നെ അറിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
EXPRESS VIEW
വീഡിയോ കാണാം
The post ഇറാൻ വ്യോമ മേഖലയിൽ കയറാൻ ഇതുവരെ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല, കള്ളപ്രചരണം പൊളിച്ച് റഷ്യ appeared first on Express Kerala.