കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. രക്ഷപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴ് മണിക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.
സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ തുടരും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്യും. രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോര്‍ജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.
The post കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ച സംഭവം; കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും appeared first on Express Kerala.