ലോക ഫുട്‌ബോളില്‍ ഏറ്റവും ഒടുവില്‍ നടന്ന പ്രധാന അന്താരാഷ്‌ട്ര ടൂര്‍ണമെന്റ് യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ജേതാക്കളാകുമ്പോള്‍ ടീമില്‍ ജോട്ടയും ഉണ്ടായിരുന്നു. സ്‌പെയിനെതിരായ ഫൈനലിന്റെ അധികസമയത്തില്‍ പകരക്കാരനായാണ് ജോട്ട കളിച്ചിരുന്നു. ഈ കിരീടനേട്ടത്തിലൂടെ നാലാമത്തെ പ്രധാന അന്താരാഷ്‌ട്ര ടൈറ്റില്‍ സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ലോക ഫുട്‌ബോളിലെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2026 ലോകകപ്പ് ഫുട്‌ബോളിനും അതിലേക്കുള്ള യോഗ്യതാ മത്സരങ്ങളും മുന്നിലുള്ളപ്പോള്‍ സ്‌ട്രൈക്കറായും ലെഫ്റ്റ് വിങ്ങറായും കളിക്കുന്ന ജോട്ടയുടെ നഷ്ടം ചെറുതല്ല. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 49 മത്സരങ്ങളില്‍ കളിച്ച ജോട്ട 14 ഗോളുകള്‍ നേടിയിട്ടുണ്ട്.
12 വര്‍ഷത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍
സമീപകാല ഫുട്‌ബോളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്ന ടീം ആണ് ലിവര്‍പൂള്‍. ടീമിന്റെ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ക്കൊപ്പം നിര്‍ണായക ഘടകമായി ഡിഗോ ജോട്ടയും ഉണ്ടായിരുന്നു, ഇക്കഴിഞ്ഞ സീസണ്‍ സമാപിക്കും വരെ.
2020-21 സീസണിലാണ് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വ്‌സില്‍ നിന്നും ജോട്ടയെ ലിവര്‍ സ്വന്തമാക്കിയത്. 41 ദശലക്ഷം പൗണ്ടിനാണ് ലിവര്‍പൂളിലെത്തിയത്. ഓരോ സീസണും കഴിയുന്തോറും ജോട്ട ലിവറിന്റെ അനിഷേധ്യ താരമായി മാറിക്കൊണ്ടിരുന്നു. 2022ല്‍ ലിവര്‍ എഫ് എ കപ്പും ലീഗ് കപ്പും ഉയര്‍ത്തുമ്പോള്‍, ഇക്കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ഉയര്‍ത്തുമ്പോളെല്ലാം ഡീഗോ ജോട്ടയുടെ പ്രകടനം അവിഭാജ്യ ഘടകമായിരുന്നു.
പോര്‍ച്ചുഗലിലെ പാര്‍കോ ഡി ഫെറെയ്‌റയില്‍ 2013ലാണ് ജോട്ടയുടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തുടങ്ങിയത്. 2016ല്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലെടുത്തു. 2016-17 ചാമ്പ്യന്‍സ് ലീഗില്‍ ജോട്ടയുടെ പ്രകടനത്തിന്റെ ബലത്തിലാണ് അത്‌ലറ്റിക്കോ നോക്കൗട്ടില്‍ പ്രവേശിച്ചത്.
തൊട്ടടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വ്‌സില്‍ ചേക്കേറി. വുള്‍വ്‌സില്‍ നിന്നും ലിവറിലേക്കെത്തിയ ശേഷം ലോക ഫുട്‌ബോള്‍ ഇലവനെ തെരഞ്ഞെടുത്താല്‍ ഒഴിവാക്കാനാകാത്ത തരത്തിലേക്ക് ജോട്ട ഉയര്‍ന്നു.