സഗ് രെബ് (ക്രൊയേഷ്യ): ലോക ചാമ്പ്യന്‍പട്ടം നേടാന്‍ ഗുകേഷ് യോഗ്യനല്ലെന്നും ദുര്‍ബലനായ കളിക്കാരനാണെന്നും ഉള്ള മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് വിജയത്തിലൂടെ. മറുപടി നല്‍കി ഗുകേഷ്. സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ രണ്ടാം റൗണ്ടിലാണ് ലോക ഒന്നാം നമ്പര്‍ താരമായ ഗുകേഷ് മാഗ്നസ് കാള്‍സനെ അട്ടിമറിച്ചത്.
ഇപ്പോള്‍ 10 പോയിന്‍റോടെ ഗുകേഷ് ടൂര്‍ണ്ണമെന്‍റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. എട്ട് പോയിന്‍റുള്ള ജാന്‍ ക്രിസ്റ്റൊഫ് ഡൂഡയാണ് രണ്ടാം സ്ഥാനം. വെസ്ലി സോ ഏഴ് പോയിന്‍റോടെ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. വെറും ആറ് പോയിന്‍റുള്ള മാഗ്നസ് കാള്‍സന്‍, അനീഷ് ഗിരിയുടെയും സരികിന്റെയും ഒപ്പം നാലാം സ്ഥാനത്താണ്.
“എല്ലാ അര്‍ത്ഥത്തിലും താന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു”- കളിയില്‍ തോറ്റ മാഗ്നസ് കാള്‍സന്റെ പ്രതികരണം ഇതായിരുന്നു. കഴിഞ്ഞ മാസം നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോടേറ്റ പരാജയം താങ്ങാനാവാതെ ചെസ് ബോര്‍ഡുള്ള മേശയില്‍ ആഞ്ഞടിച്ച് ചെസ് കരുക്കള്‍ വരെ പറപ്പിച്ച് മാഗ്നസ് കാള്‍സന്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. അന്ന് പിഎസ് ജി എന്ന ലോക ഫുട്ബാള്‍ ക്ലബ്ബ് വരെ മാഗ്നസ് കാള്‍സനെ പരിഹസിച്ചിരുന്നു. അതിന് തത്തുല്ല്യമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സിലും തോല്‍വി ഏറ്റുവാങ്ങിയതോടെ ഇനി മുഖമുയര്‍ത്തി നടക്കാന്‍ കഴിയാത്ത നാണക്കേടാണ് മാഗ്നസ് കാള്‍സന് ലഭിച്ചത്.
ബുധനാഴ്ചയാണ് റാപ്പിഡും ബ്ലിറ്റ്സും പോലുള്ള വേഗതയാര്‍ന്ന ചെസ് ഫോര്‍മാറ്റുകള്‍ ഗുകേഷിന് വഴങ്ങില്ലെന്ന് മാഗ്നസ് കാള്‍സന്‍ പറഞ്ഞത്. ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്നും മാഗ്നസ് കാള്‍സന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച തന്നെ മാഗ്നസ് കാള്‍സനെ തോല്പിച്ചുകൊണ്ട് ഗുകേഷ് ഇതിന് മറുപടി നല്‍കി.
മാത്രമല്ല, ക്രൊയേഷ്യയിലെ സഗ്രെബില്‍ നടക്കുന്ന റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷ് അപാരഫോമിലാണ്. തുടര്‍ച്ചയായി അഞ്ചാമത്തെ വിജയമാണ് നേടിയത്. കളിയുടെ ആദ്യ ദിവസം പ്രജ്ഞാനന്ദയെയും ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയും ഗുകേഷ് തോല്‍പിച്ചിരുന്നു. വ്യാഴാഴ്ച ഗുകേഷ് ഇതുവരെയില്ലാത്ത ആക്രമണഗെയിം ആണ് മാഗ്നസ് കാള്‍സനെതിരെ പുറത്തെടുത്തത്. നേരത്തെ ബോര്‍ഡിന് മുന്‍പിലെത്തിയ ഗുകേഷ് അല്‍പനേരം ധ്യാനിക്കുന്നത് കാണാമായിരുന്നു. കറുത്ത കരുക്കള്‍ കൊണ്ടാണ് ഗുകേഷ് കളിച്ചത്. വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച മാഗ്നസ് കാള്‍സന്‍ ഇംഗ്ലീഷ് ഓപ്പണിംഗ് ഗെയിമില്‍ ആണ് കളി തുടങ്ങിയത്. 19ാം നീക്കത്തില്‍ ബിഷപ്പിനെ (ആനയെ) തെറ്റായ കള്ളിയിലേക്ക് നീക്കി വരുത്തിയ പിഴവാണ് കാള്‍സന് വിനയായത്. അവിടെ നിന്നും ഗുകേഷ് കളി പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഗുകേഷിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കാള്‍സന്‍ പ്രതിരോധിക്കാന്‍ വകയില്ലെന്ന തിരിച്ചറിവില്‍ 49ാം നീക്കത്തില്‍ അടിയറവ് പറഞ്ഞു.
“ഇനി കാള്‍സന്റെ ചെസ്സിലെ ആധിപത്യത്തെ നമുക്ക് ചോദ്യം ചെയ്യാനാവും. കാരണം ഗുകേഷിന്റെ ജയം വെറും ജയമല്ല, അങ്ങേയറ്റം മികച്ച വിജയമായിരുന്നു”-മുന്‍ ലോകചാമ്പ്യന്‍ ഗാരി കാസ്പറോവ് പറഞ്ഞു. അതിവേഗചെസ്സില്‍ ദുര്‍ബലനാണ് ഗുകേഷ് എന്ന കാള്‍സന്റെ വിമര്‍ശനത്തിന് വിജയത്തിലൂടെ ഗുകേഷ് മറുപടി നല്‍കുകയായിരുന്നു. ഗുകേഷ് തളരാത്ത പോരാളിയാണെന്നും കാസ്പറോവ് പറഞ്ഞു.
മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.