തിരുവനന്തപുരം: റെക്കോഡ് തുകയ്‌ക്ക് സഞ്ജു സാംസണിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. എല്ലാ ടീമുകളും സഞ്ജുവിന് വേണ്ടി രംഗത്ത് എത്തിയെങ്കിലും ലീഗ് ചരിത്രത്തിൽ ഏറ്റവും വലിയ തുക നൽകി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. 26.80 ലക്ഷത്തിനാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്ന് ലക്ഷമായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. സഞ്ജുവിന്റെ ആദ്യ കെസിഎല്‍ സീസണാണിത്.
സഞ്ജുവിനായി തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വിളിച്ചപ്പോള്‍ തൃശൂര്‍ ടൈറ്റന്‍സ് 25 ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ ഒടുവില്‍. 26.80 ലക്ഷം വിളിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ സ്വന്തമാക്കി. അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും പേസര്‍ ബേസില്‍ തമ്പിയെ 8.4 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സും സ്വന്തമാക്കി.
ഷോണ്‍ റോജര്‍ (4.40 ലക്ഷം), സിജോമോന്‍ ജോസഫ് (5.20 ലക്ഷം) എന്നിവരെ തൃശൂര്‍ ടൈറ്റന്‍സ് ടീമിലെത്തിച്ചപ്പോള്‍ വിനൂപ് മനോഹരനെ (മൂന്ന് ലക്ഷം) കൊച്ചിയും എം.എസ്. അഖിലിനെ (8.40 ലക്ഷം) കൊല്ലവും അഭിജിത് പ്രവീണിനെ (4.20 ലക്ഷം) തിരുവനന്തപുരവും സ്വന്തമാക്കി.
എ, ബി, സി കാറ്റഗറിയിലായി 155 കളിക്കാരാണ് ഇന്നത്തെ ലേലത്തിനായുള്ളത്. എ കാറ്റഗറിയിലെ താരങ്ങള്‍ക്ക് മൂന്നുലക്ഷവും ബിയിലുള്ളവര്‍ക്ക് 1.5 ലക്ഷവും സി കാറ്റഗറിക്കാര്‍ക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില. 50 ലക്ഷം രൂപയാണ് ഓരോ ടീമിനും പരമാവധി 2025 സീസണില്‍ ചിലവഴിക്കാന്‍ സാധിക്കുക, നിലനിര്‍ത്തിയ കളിക്കാര്‍ ഉള്‍പ്പെടെയാണിത്.