ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയോടുള്ള നിലപാടില്‍ പാകിസ്ഥാന് മനംമാറ്റം വന്നോ? ഈ സംശയം ഒരു വിധത്തില്‍ ശരിയാണ്. കാരണം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയോട് കുറച്ച് അയഞ്ഞ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കാണാം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തലവനുമായ ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി പറയുകയുണ്ടായി.
ഇന്ത്യ സഹകരിച്ചാല്‍ ഹാഫിസ് സയിദിനെ പോലുള്ള കൊടും ഭീകരനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാമെന്നാണ് പാക് നേതാവ് ബിലാവലിന്റെ പ്രതികരണം. ഭീകരത ഒരു പ്രധാന വിഷയമായി ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ സംഭാഷണത്തിന്റെ ഭാഗമാകാന്‍ ഇത്തരമൊരു നീക്കത്തിന് കഴിയുമെന്ന് ബിലാവല്‍ അല്‍ ജസീറയോട് പറഞ്ഞു. എന്നാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുന്നതിലും ഭീകരത അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും മാത്രമേ പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പരിമിതപ്പെടുത്തൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

Also Read: അമേരിക്കയുടെ ആക്രമണത്തിന് മുമ്പ് ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം മാറ്റി: സെയ്മൂര്‍ ഹെര്‍ഷ്
ഹാഫിസ് സയീദിനെയും ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെയും കൈമാറാന്‍ പാകിസ്ഥാന് കഴിയുമോ എന്ന ചോദ്യത്തിന്, ‘ഇത്തരം കാര്യങ്ങളില്‍ ഒന്നിനെയും പാകിസ്ഥാന്‍ എതിര്‍ക്കില്ല എന്നായിരുന്നു ബിലാവലിന്റെ മറുപടി. സയീദിനും അസ്ഹറിനുമെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ ഭീകരവാദ ധനസഹായം പോലുള്ള ഗാര്‍ഹിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ബിലാവല്‍ വ്യക്തമാക്കി.

എന്നാല്‍, 26/11 മുംബൈ ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി സഹകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ ബിലാവലിന്റെ അവകാശവാദം നിരസിച്ചു. കൂട്ടക്കൊലയില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളുടെ പങ്കാളിത്തം സംബന്ധിച്ച വിശ്വസനീയമായ തെളിവുകള്‍ അടങ്ങിയ 1,000-ലധികം രേഖകള്‍ ഇന്ത്യ മുമ്പ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊണ്ടില്ല എന്നത് ഇന്ത്യയെ ഏറെ അസ്വസ്ഥമാക്കി. ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ ഹാഫിസ് സയീദ് 33 വര്‍ഷം തടവ് അനുഭവിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ലഷ്‌കര്‍ ഭീകരന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ജയിലിനുള്ളില്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന തെളിവുകളുമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. 2008 ലെ മുംബൈ ആക്രമണത്തിനും പഹല്‍ഗാം കൊലപാതകങ്ങള്‍ക്കും പുറമെ അമേരിക്കയും ഇന്ത്യയും അന്വേഷിക്കുന്ന പ്രതിയാണ് 77 കാരനായ ഹാഫിസ് സയീദ്.
Also Read: ’12 വര്‍ഷം’ ചൈനയെ ‘നമ്പര്‍ വണ്‍’ ആയി നയിച്ച ഷിയ്ക്ക് അധികാരം മടുത്തോ?
മസൂദ് അസ്ഹര്‍ എവിടെയാണെന്ന് വ്യക്തമല്ലെന്ന് ബിലാവല്‍ വ്യക്തമാക്കി. അസ്ഹര്‍ അഫ്ഗാനിലുണ്ടായിരിക്കാമെന്നാണ് ബിലാവലിന്റെ വാദം. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. മെയ് 7-ന് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ഇതിന്റെ ഫലമായി നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലുകള്‍ ഉണ്ടായി, മെയ് 10-ന് ശത്രുത അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ച സമാധാനപരമായ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് സംഘര്‍ഷത്തിന് അവസാനമാകുകയും ചെയ്തു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടുള്ള ബിലാവലിന്റെ പ്രതികരണം തീര്‍ത്തും ശത്രുതനിറഞ്ഞ മനോഭാവത്തോടു കൂടിയായിരുന്നു. വെള്ളം നിര്‍ത്തിയാല്‍ നദികളില്‍ രക്തം ഒഴുകും’ എന്നായിരുന്നു അന്ന് ഇന്ത്യയുടെ തീരുമാനത്തിനെതിരെ ബിലാവല്‍ പ്രതികരിച്ചത്. ഇന്ത്യ തങ്ങളുടെ തീരുമാനം നടപ്പിലാക്കിയതോടെ പാകിസ്ഥാന്‍ അതിന്റെ തീവ്രത വ്യക്തമായി കണ്ടു. സിന്ധു നദീജലത്തെ ആശ്രയിക്കുന്ന പാകിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവിശ്യ വറ്റിവരണ്ടു. കൃഷിയെല്ലാം നശിക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ ഒരൊറ്റ തീരുമാനം ശരിക്കും പാകിസ്ഥാനെ തീരാദുരിതത്തിലാക്കുകയും ചെയ്തു. ഇതായിരിക്കാം ഒരു പക്ഷെ പാകിസ്ഥാന്‍ മാറി ചിന്തിച്ചത്. ഭീകരര്‍ക്ക് പടര്‍ന്നു പന്തലിക്കാനുള്ള വളക്കൂറുള്ള മണ്ണായിരുന്നു പാകിസ്ഥാന്‍. ഭീകരര്‍ക്ക് വേണ്ട സഹായങ്ങളും പാക് ഭരണകൂടം ചെയ്ത് നല്‍കി.
The post വിട്ടുവീഴ്ചകള്‍ക്ക് തയ്യാര്‍… ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയോട് സഹകരണ മനോഭാവവുമായി പാകിസ്ഥാന് appeared first on Express Kerala.