സാഗ് രെബ് : ക്രൊയേഷ്യയില്‍ നടക്കുന്ന സൂപ്പര്‍ യൂണൈറ്റഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ റാപ്പിഡ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ് ചാമ്പ്യനായി. ദുര്‍ബലനായ കളിക്കാരന്‍ ഗുകേഷിനെ പരിഹസിച്ച മാഗ്നസ് കാള്‍സന് ഒരിയ്‌ക്കലും മറക്കാന്‍ കഴിയാത്ത തോല്‍വി സമ്മാനിച്ച ശേഷമാണ് ഗുകേഷ് റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായത്. ഇത് ഗുകേഷിന്റെ കിരീടത്തിന് തിളക്കം കൂട്ടുന്നു. 14 പോയിന്‍റുകളോടെയാണ് ഗുകേഷ് ചാമ്പ്യനായത്. 11 പോയിന്‍റുകളോടെ പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡയാണ് റാപ്പിഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
10 പോയിന്‍റ് നേടിയ മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9 പോയിന്‍റ് നേടിയ ഇന്ത്യയുടെ പ്രജ്ഞാനന്ദ അമേരിക്കയുടെ ഫാബിയാനോ കരുവാനയ്‌ക്കൊപ്പം നാലാം സ്ഥാനത്താണ്.
റാപ്പിഡിന്റെ അവസാന റൗണ്ടില്‍ യുഎസിന്റെ വെസ്ലി സോയെ 38 നീക്കങ്ങളില്‍ തോല്‍പിച്ചാണ് 19 കാരനായ ഗുകേഷ് ചാമ്പ്യനായത്. ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ വരെ തോല്‍പിച്ചാണ് ഗുകേഷ് ചാമ്പ്യനായത്. ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന് പരിഹസിച്ച മാഗ്നസ് കാള്‍സനെ ഗുകേഷ് തോല്‍പിച്ചതോടെ മാഗ്നസ് കാള്‍സനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചെസ്സില്‍ മാഗ്നസ് കാള്‍സന്റെ ആധിപത്യത്തെക്കുറിച്ച് സംശയമുണ്ടെന്നാണ് ചെസില്‍ ജീനിയസ്സായ കാസ്പറോവ് അഭിപ്രായപ്പെട്ടത്.
ഇനി ബ്ലിറ്റ്സ് ചെസ് കൂടി ബാക്കിയുണ്ട്. റാപ്പിഡിനേക്കാള്‍ വേഗത്തില്‍ കരുക്കള്‍ നീക്കേണ്ട കളിയാണ് ബ്ലിറ്റ്സ് ചെസ്. രണ്ടിലെയും പോയിന്‍റു നില കൂട്ടിയാണ് അവസാനം ചാമ്പ്യനെ പ്രഖ്യാപിക്കുക.