സാഗ് രെബ് :ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ. ബ്ലിറ്റ്സ് ചെസ്സിലായിരുന്നു പ്രജ്ഞാനന്ദ ഗുകേഷിനെ തോല്‍പിച്ചത്. നേരത്തെ റാപ്പിഡ് ചെസ്സില്‍ ഗുകേഷ് പ്രജ്ഞാനന്ദയെ തോല്‍പിച്ചിരുന്നു. പക്ഷെ ബ്ലിറ്റ്സ് ചെസ്സില്‍ പ്രജ്ഞാനന്ദ പകരം വീട്ടി.
പൊതുവേ അതിവേഗ ചെസ്സില്‍ മിടുക്കനാണ് പ്രജ്ഞാനന്ദ. ക്രൊയേഷ്യ ബ്ലിറ്റ്സില്‍ വെറും അഞ്ച് മിനിറ്റാണ് ഒരു ഗെയിമിന് അനുവദിക്കുന്നത്. പിന്നീട് ഓരോ നീക്കത്തിനും രണ്ട് സെക്കന്‍റ് വിതം അധികം ലഭിക്കും. അഞ്ച് മിനിറ്റിനുള്ളില്‍ വിജയിയെ തീരുമാനിക്കുമെന്നതിനാല്‍ അതിവേഗത്തിലായിരിക്കും കരുനീക്കങ്ങള്‍. ഇതില്‍ വിഗദ്ധനാണ് പ്രജ്ഞാനന്ദ.
ബ്ലിറ്റ്സില്‍ മാഗ്നസ് കാള്‍സന്‍ മുന്നേറുന്നു
ക്രൊയേഷ്യ ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ 14 പോയിന്‍റോടെ ഗുകേഷ് ചാമ്പ്യനായിരുന്നു. എന്നാല്‍ ബ്ലിറ്റ്സ് ചെസ്സ് വിഭാഗത്തില്‍ അതിവേഗകരുനീക്കങ്ങളില്‍ വിദഗ്ധനായ മാഗ്നസ് കാള്‍സന്‍ മുന്നേറുകയാണ്. റാപ്പിഡില്‍ പിന്നിലായിരുന്ന മാഗ്നസ് കാള്‍സന്‍ ബ്ലിറ്റ്സ് വിഭാഗത്തിലെ ആദ്യ ദിനത്തിലെ ഒമ്പത് കളികളില്‍ ആറെണ്ണത്തില്‍ വിജയിച്ചു. ബ്ലിറ്റ്സ് ചെസില്‍ മാഗ്നസ് കാള്‍സന്റെ ഗുകേഷിനെ തോല്‍പിച്ചു. മാഗ്നസ് കാള്‍സന്‍ മൂന്ന് കളികളില്‍ സമനില നേടി. ഗുകേഷാകട്ടെ, ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണം തോറ്റു. ഒരെണ്ണം ജയിച്ചു. ഒരു സമനില ഏറ്റുവാങ്ങി. ബ്ലിറ്റ്സും റാപ്പിഡും ചേര്‍ത്താല്‍ ഗുകേഷിന് ഇപ്പോള്‍ 15.5 പോയിന്‍റേ ഉള്ളൂ. മൂന്നാം സ്ഥാനത്താണ് ഗുകേഷ്.
പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡ റാപ്പിഡിലും ബ്ലിറ്റ്സിലും ചേര്‍ത്ത് 16 പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ പ്രജ്ഞാനന്ദ രണ്ട് കളി ജയിച്ചപ്പോള്‍ രണ്ട് കളികളില്‍ തോറ്റു. പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍, ഗുകേഷിനെ തോല്‍പിക്കുകയായിരുന്നു. ബാക്കി അഞ്ച് മത്സരങ്ങളില്‍ സമനില നേടി. 13.5 പോയിന്‍റോടെ പ്രജ്ഞാനന്ദ അഞ്ചാം സ്ഥാനത്തുണ്ട്. അമേരിക്കയുടെ വെസ്ലി സോ ആണ് 14.5 പോയിന്‍റോടെ നാലാം സ്ഥാനത്ത്.