ന്യൂജേഴ്‌സി: ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ 2025ല്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി. ഞായറാഴ്‌ച്ച രാത്രി ഫൈനലോടെയാണ് സമാപിക്കുക. കലാശപ്പോരിലേക്കുള്ള രണ്ടാമത്തെ ടീം ഇന്നത്തെ സെമി പോരാട്ടത്തിലൂടെ തെരഞ്ഞെടുക്കപ്പെടും. രാത്രി 12.30ന് ന്യൂജേഴ്‌സിയില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സാന്റ് ഷാര്‍മെയ്‌നും(പിഎസ്ജി) ആണ് ഫൈനല്‍ ബെര്‍ത്തിനായി മത്സരിക്കുക.
ഏറ്റവും ഒടുവില്‍ ഈ രണ്ട് ടീമുകളും മുഖാമുഖം വന്നത് മൂന്ന് വര്‍ഷം മുമ്പാണ്. 2021-22 ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ പോരാട്ടത്തില്‍ അന്ന് ലയണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും ഉള്‍പ്പെട്ട പിഎസ്ജിയെ 3-1ന് തകര്‍ത്ത് റയല്‍ മുന്നേറിയിരുന്നു. ഇതുള്‍പ്പെടെ എട്ട് മത്സരത്തിലാണ് ഈ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നത്. അതില്‍ നാല് തവണയും റയല്‍ വിജയിച്ചു. രണ്ടെണ്ണത്തില്‍ പിഎസ്ജിയും. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് കിരീട നിര്‍ണയത്തോടെ അവസാനിച്ച ക്ലബ്ബ് ഫുട്‌ബോള്‍സീസണിന് ഇക്കുറി ലോകകപ്പിലൂടെ ആയുസ് നീട്ടിക്കിട്ടിയിരിക്കുകയാണ്. ലോകകപ്പില്‍ റയലിന്റെ ചുമതല പുതിയ പരിശീലകന്‍ ടീമിന്റെ മുന്‍ താരം കൂടിയായ സാബി അലോന്‍സോയ്‌ക്കാണ്. ഇതുവരെ തോല്‍വി അറിയാതെ ടീമിനെ നയിക്കാന്‍ പുതിയ കോച്ചിന് സാധിച്ചു. ഇന്നത്തെ കരുത്തന്‍ പോരാട്ടമായിരിക്കും അലോന്‍സോ നേരിടുന്ന ആദ്യത്തെ വമ്പന്‍ വെല്ലുവിളി. പ്രതിരോധത്തില്‍ വിശ്വസ്തനായ ഡീന്‍ ഹുയീസെന്‍ ഇല്ലാത്തത് റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ പോരാട്ടത്തില്‍ ഹുയീസെന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവില്ല. മുന്നേറ്റ നിരയിലും കോച്ച് അലോന്‍സോയ്‌ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഗോന്‍സാലോ ഗാര്‍ഷ്യ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇതുവരെ നാല് ഗോളുകളാണ് റയലിന് വേണ്ടി നേടിയത്. അസുഖ ബാധിതനായിരുന്ന എംബാപ്പെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തിരിച്ചെത്തി നിര്‍ണായക ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ചു. ഈ രണ്ട് മുന്നേറ്റ താരങ്ങളെ എങ്ങനെ പ്ലേയ്‌സ് ചെയ്യുമെന്നത് കോച്ചിനെ വല്ലാതെ വലയ്‌ക്കുന്നുണ്ട്.
സീസണില്‍ സ്പാനിഷ് ലാലിഗയിലടക്കം റണ്ണറപ്പുകളാകാന്‍ മാത്രമേ റയലിന് സാധിച്ചുള്ളൂ. യൂറോപ്യന്‍ പോരാട്ടത്തില്‍ വളരെ നേരത്തെ പുറത്താകുകയും ചെയ്തു. ഈ പോരായ്മകളെല്ലാം നികത്താനുള്ള അവസരമായി ക്ലബ്ബ് ലോകകപ്പിനെ കണ്ടുകൊണ്ടാണ് റയല്‍ ടീം അമേരിക്കയിലേക്ക് വണ്ടികയറിയെത്തിയത്.
മറുവശത്ത് വര്‍ഷങ്ങളായി ഫ്രഞ്ച് ഫുട്‌ബോളിനകത്ത് മാത്രം വമ്പ് കാട്ടിക്കൊണ്ടിരുന്ന പിഎസ്ജി ഇക്കൊല്ലം ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി കരുത്തു തെളിയിച്ചാണ് ക്ലബ്ബ് ലോകകപ്പിനെത്തിയത്. കിരീടനേട്ടത്തോടെ യൂറോപ്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്താനാണ് ലൂയിസ് എന്‍ റിക്വെയുടെ കീഴിലുള്ള പിഎസ്ജി ഒരുക്കം കൂട്ടുന്നത്.