റോസ്‌ബോള്‍: ബ്രസീല്‍ ക്ലബ്ബുകളുടെ മിന്നും പോരാട്ടത്തിന് അറുതി വരുത്തി ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍. ഫ്‌ലൂമിനെന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സിയുടെ മുന്നേറ്റം. ബ്രസീലിയന്‍ താരം തന്നെയാണ് ബ്രസീലിയന്‍ ക്ലബ്ബിനെ കെട്ടുകെട്ടിച്ചത്. ജാവൊ പെഡ്രോ ചെല്‍സിക്കായി ഇരട്ട ഗോള്‍ നേടി. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളുമായി ചെല്‍സി കലാശപ്പോരിനിറങ്ങും. ശനിയാഴ്ചയാണ് ഫൈനല്‍.
മത്സരത്തിന്റെ 18-ാം മിനിറ്റില്‍ പെഡ്രോ ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. ബോക്‌സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച മുന്നേറിയ പെഡ്രോ തകര്‍പ്പന്‍ വലംകാല്‍ ഷോട്ടിലൂടെ പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിലായിരുന്നു പെഡ്രോയുടെ രണ്ടാം ഗോള്‍. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്‌ലൂമിനന്‍സ് പ്രതിരോധ താരത്തിന്റെ കാലുകളില്‍ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. തക്കം പാത്തിരുന്ന പെഡ്രോ പന്ത് വലയിലെത്തിച്ചു. ഇതോടെ നീലച്ചിരി വിടര്‍ന്നു.
ക്ലബ് ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ലോസ് എയ്ഞ്ചല്‍സിനെ വീഴ്‌ത്തിയാണ് ചെല്‍സി യാത്ര തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ളെമെന്‍ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തില്‍ ഇ എസ് ടുനീസിനെ വീഴ്‌ത്തി ചെല്‍സി ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ ബെന്‍ഫീക്കയെ വീഴ്‌ത്തിയ മുന്‍ചാംപ്യന്മാര്‍ ക്വാര്‍ട്ടറില്‍ പാമിറാസിനെയും തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു. ചെല്‍സി ഇത് ആദ്യമായാണ് ക്ലബ് ലോകകപ്പ് ഫൈനലിലെത്തുന്നത്.