കോട്ടയം: ഇന്ത്യന്‍ ഫുട്‌ബോളിന് പ്രൊഫഷണല്‍ മാനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11 പതിപ്പുകള്‍ക്ക് ശേഷം ഇതാ ആദ്യമായി മുടങ്ങാന്‍ പോകുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട കേസുകള്‍ തുടരുന്നതും കളിക്കാരും ക്ലബ്ബുകളുമായുള്ള കരാര്‍ നിലവില്‍ വരാത്തതുമാണ് ആശങ്ക ഉയരുന്നതിനു പ്രധാന കാരണം. 2025ലെ സീസണ്‍ ആരംഭിക്കേണ്ടത് സെപ്റ്റംബറിലാണ്. അതിനുമുന്നോടിയായി ഓഗസ്റ്റ് 30ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യണം. കളിക്കാര്‍ക്ക് പരിശീലനം നടക്കണം തുടങ്ങി നിരവധി കടമ്പകള്‍ ഈ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് ഐഎസ്എല്‍ 2025 സീസണ്‍ മുടങ്ങും എന്നതിന് സാധ്യതയേറുന്നത്. 14 ക്ലബ്ബുകളിലെ 630 കായിക താരങ്ങളുമായുള്ള കരാറാണ് വിന്‍ഡോ കാലവധിയില്‍ ക്ലബ്ബുകള്‍ക്ക് പൂര്‍ത്തിയാക്കേണ്ടത്.
സ്‌പോര്‍ട്‌സ് കോഡിനു വിരുദ്ധമായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നു കാണിച്ച് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് എഐഎഫ്എഫ് ഭരണസമിതിയുടെ ഭരണപരമായ കാര്യങ്ങള്‍ക്ക് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പഠിച്ച് കായിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ എഐഎഫ്എഫിന് അടക്കമുള്ള അസോസിയേഷനുകള്‍ക്ക് പുതിയ ഭരണഘടന തയാറാക്കാന്‍ അമിക്കസ്‌ക്യൂറിയായി നാഗേശ്വരറാവുവിനെ കോടതി നിയമിച്ച. ജൂലൈ 18ന് അമിക്കസ്‌ക്യൂറി പുതിയ ഭരണഘടന കോടതിയില്‍ സമര്‍പ്പിക്കും. ഇതനുസരിച്ചുള്ള വിധിയാകും കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുക.
എഐഎഫ്എഫിന് പുതിയ ഭരണഘടന
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് പുതിയ ഭരണഘടന കോടതി നിശ്ചയിച്ചുകഴിഞ്ഞാല്‍, അത് ഫെഡറേഷന്‍ ജനറല്‍ ബോഡി അംഗീകാരം നല്‍കേണ്ടതുണ്ട്. 45 ദിവസത്തെ നോട്ടീസാണ് അംഗങ്ങള്‍ക്ക് പൊതുയോഗത്തിനായി നല്‍കേണ്ടത്. പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചശേഷം പിന്നീട് 45 ദിവസത്തെ നോട്ടീസ് നല്‍കി വേണം തെരഞ്ഞെടുപ്പ് നടത്താന്‍. അങ്ങനെ തെരഞ്ഞെടുക്കുന്ന കമ്മിറ്റികള്‍ക്ക് മാത്രമേ പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎല്‍) കരാര്‍ കാര്യങ്ങള്‍ അടക്കം നിര്‍വഹിക്കുന്നതിനും മറ്റുമായി പിന്നെയും ഒരു മാസം കൂടി സമയം നഷ്ടമാകും. ഈ സാഹചര്യത്തില്‍ പുതിയ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ എഐഎഫ്എഫ് കലണ്ടറില്‍നിന്ന് ഐഎസ്എല്‍ പുറത്തായത്.
വെല്ലുവിളിയായി പുതിയ കായികനയവും
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ കുഴഞ്ഞുമറിഞ്ഞിരിക്കേയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കായിക നയം പ്രഖ്യാപിക്കുന്നത്. ഇതിലുള്ള സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പരിഗണനയ്‌ക്കെടുക്കും. ബില്‍ പാസാകുന്നതോടെ കായിക സംഘടനകളുടെ ഭരണത്തില്‍ പുതിയ വ്യവസ്ഥകള്‍ വരും. അപ്പോള്‍ പഴയ കായിക നയത്തിന്റെ പശ്ചാത്തലത്തില്‍ അമിക്കസ്‌ക്യൂറി തയാറാക്കിയ ഭരണഘടനയ്‌ക്ക് നിലനില്‍പ്പില്ലാതെയാകുന്നത് മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കും. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെ മാതൃകയില്‍ സ്‌പോര്‍ട്‌സ് ട്രൈബ്യൂണല്‍, കായിക സംഘടനാ ഭാരവാഹികള്‍ക്കു പരമാവധി 16 വര്‍ഷം പദവിയില്‍ തുടരാം. നിലവില്‍ ഇതു 12 വര്‍ഷമാണ്, കായിക ഭാരവാഹികള്‍ക്ക് 70 വയസ് കഴിഞ്ഞാലും തിരഞ്ഞെടുക്കപ്പെട്ട കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കാം, കായിക സംഘടനകളിലെ തര്‍ക്കപരിഹാരത്തിനു സ്‌പോര്‍ട്‌സ് റഗുലേറ്ററി ബോര്‍ഡ് ഓഫ് ഇന്ത്യ (എസ്ആര്‍ബിഐ) സ്ഥാപിക്കും തുടങ്ങിയ ശുപാര്‍ശകളാണ് ബില്ലിലുള്ളത്്. ഇവയൊക്കെയും എഐഎഫ്എഫ് അടക്കമുള്ള കായിക സംഘടനകളുടെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. പഴയ കായിക നയത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഭരണഘടന അസാധുവായാല്‍ നിയമപ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാകും. മാത്രവുമല്ല, ഫിഫ കൂടി അംഗീകരിക്കുന്ന രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയുടെ രൂപത്തില്‍ ഇന്ത്യയില്‍ മറ്റൊരു സ്റ്റാറ്റിയുട്ടറി ബോഡി വരുന്നത് കായിക സംഘടനകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നതായി ഫിഫ വ്യാഖ്യാനിക്കാം. അങ്ങനെവന്നാല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വീണ്ടും സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടിവരുന്ന സാഹചര്യവും ഉരുത്തിരിയും.
പരിഹാരം എന്ത്?
ഈ സങ്കീര്‍ണ സാഹചര്യങ്ങളൊക്കെ സൂചിപ്പിച്ച് ബന്ധപ്പെട്ട കക്ഷികള്‍ സൂപ്രീം കോടതിയില്‍ ഒരു ഇടക്കാല വിധിക്കായി സമീപിക്കുകയാകും ഉചിതം. ഹര്‍ജി പരിഗണിച്ച് ഈയൊരു വര്‍ഷത്തേക്ക് നിലവിലെ എഐഎഫ്എഫ് ഭരണസമിതിക്ക് ഐഎസ്എല്‍ കരാറുകളിലേര്‍പ്പെടാന്‍ സാധിക്കുമെന്ന ഒരു വിധി സംജാതമായാല്‍ ഐഎസ്എല്‍ ഈ സീസണില്‍ നടക്കും. അതിനിടെ, മറ്റൊരു നിര്‍ദേശവുമായി പുതിയ ഒരു കമ്പനി ഫുട്‌ബോള്‍ ഫെഡറേഷനു മുന്നിലെത്തിയിട്ടുണ്ട്. അവര്‍ എഐഎഫ്എഫിന് അയച്ച ഒരു ഡ്രാഫ്റ്റില്‍, ‘ഐഎസ്എല്‍ ന്യൂകോ ജെ.വി’ എന്ന പേരില്‍ ഒരു പുതിയ ഹോള്‍ഡിംഗ് കമ്പനി സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, അതില്‍ ക്ലബ്ബുകള്‍ ഭൂരിപക്ഷം ഓഹരി ഉടമകളായിരിക്കും. ഈ കമ്പനി ‘ഐ.എസ്.എല്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും വാണിജ്യവല്‍ക്കരിക്കുകയും ധനസഹായം നല്‍കുകയും ചെയ്യും. ലീഗിന്റെ എല്ലാ കേന്ദ്ര ചെലവുകള്‍ വഹിക്കുകയും ധനസഹായം നല്‍കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഈ കമ്പനിയായിരിക്കും. കൂടാതെ ലീഗിനും ദേശീയ ടീമുകള്‍ക്കുമുള്ള എല്ലാ കേന്ദ്ര ആസ്തികളും വരുമാന സ്രോതസ്സുകളും കണ്ടെത്തും. കമ്പനിയുടെ ഓഹരികള്‍ ഇപ്രകാരമായിരിക്കും: എഐഎഫ്എഫ് (14 ശതമാനം), ഐഎസ്എല്‍ ക്ലബ്ബുകള്‍ (60 ശതമാനം, എല്ലാ ക്ലബ്ബുകളിലും തുല്യം), എഫ്എസ്ഡിഎല്‍ (26 ശതമാനം). ഈ നിര്‍ദ്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഐഎസ്എല്ലില്‍ നിന്ന് താഴ്ന്ന നിരകളിലേക്കുള്ള സ്ഥാനക്കയറ്റം/തരംതാഴ്‌ത്തല്‍ എന്നിവയ്‌ക്കുള്ള 10 വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നതാണ്. ഇത് എഐഎഫ്എഫ് എത്രത്തോളം അംഗീകരിക്കുമെന്നത് വ്യക്തമല്ല.