ലണ്ടന്‍: സെന്റര്‍ കോര്‍ട്ടില്‍ ഇഗ വസന്തം. പോളിഷ് താരം ഇഗ സ്വായിടെക് വിംബിള്‍ഡണ്‍ ടെന്നീസ് സെമിയില്‍. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇഗ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക്കിനെ നേരിടും. അത്യന്തം ആവേശം നിറഞ്ഞ ക്വാര്‍ട്ടറില്‍ 19-ാം സീഡ് റഷ്യയുടെ ലുയിഡ്മില സാംസോനോവയെ നേരിട്ടുള്ള സെറ്റില്‍ പരാജയപ്പെടുത്തിയാണ് സ്വായിടെക് അവസാന നാലിലെത്തിയത്. സ്‌കോര്‍ 6-2, 7-5. സ്‌കോര്‍ സൂചിപ്പിക്കും പോലെ അത്ര എളുപ്പമായ വിജയമായിരുന്നില്ല സ്വായിടെക്കിന്റേത്. രണ്ടാം സെറ്റില്‍ സാംസോനോവയില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടവന്നു. അഞ്ചു തവണ ഗ്രാന്‍ഡ് സ്്‌ലാം കിരീടങ്ങളില്‍ മുത്തമിട്ടിട്ടുള്ള സ്വായിടെക് ആദ്യമായാണ് വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. ഒരു മണിക്കൂറും 49 മിനിറ്റും മത്സരം നീണ്ടു. എട്ടാം സീഡ് സ്വായിടെക് ഇന്നു നടക്കുന്ന സെമിയില്‍ സീഡില്ലാ താരം ബെലിന്‍ഡയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.10നാണ് മത്സരം. 125 ആഴ്ചകളില്‍ ഒന്നാം റാങ്കിലിരുന്നിട്ടുള്ള സ്വായിടെക് ഇവിടെ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ്.
ബെലിന്‍ഡയും നടാടെയാണ് വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. കടുത്ത പോരാട്ടത്തില്‍ റഷ്യയുടെ ഏഴാം സീഡ് മിറ ആന്‍ഡ്രീവയെ 7-6, 7-6 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 1998ല്‍ മാര്‍ട്ടിന ഹിംഗിസ് സെമിയിലെത്തിയ ശേഷം വിംബിള്‍ഡണ്‍ സെമിയിലെത്തുന്ന സ്വിസ് താരം കൂടിയാണ് ബെലിന്‍ഡ. രണ്ടാം സെമിയില്‍ അമേരിക്കയുടെ അനിസിമോവ, റഷ്യയുടെ ആര്യാന സബലെങ്കയെ നേരിടും.
പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കരാസും സെമിയിലെത്തി. ക്വാര്‍ട്ടറില്‍ യുകെയുടെ കാമറോണ്‍ നൂറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-3, 6-3. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് അല്‍കരാസിന്റെ എതിരാളി. കാറെന്‍ ഖച്ചനോവിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫ്രിറ്റ്‌സ് സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 6-4, 1-6, 7-6.