കോട്ടയം: രാജ്യത്തെ സര്‍വകലാശാലകളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യുണിവേഴ്‌സിറ്റീസില്‍(എഐയു) കായിക മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറയായി മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസ് മേധാവി ഡോ. ബിനു ജോര്‍ജ് വര്‍ഗീസിനെ നിയമിച്ചു.
രാജ്യത്തെ സര്‍വകലാശാലാ തലത്തിലുള്ള കായിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നത് എഐയുവിന്റെ സ്‌പോര്‍ട്‌സ് വിഭാഗമാണ്. സര്‍വകലാശാലാ കായിക നയരൂപീകരണം, ചാമ്പ്യന്‍ഷിപ്പുകളുടെ നടത്തിപ്പ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ പ്രാതിനിധ്യം സംബന്ധിച്ച തീരുമാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണേന്ത്യയില്‍നിന്നും ഈ പദവിയിലെത്തുന്ന ആദ്യത്തെയാളാണ് ഡോ.ബിനു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായിരിക്കെ 35-ാമത് ദേശീയ ഗെയിംസിന്റെ ഏകോപനച്ചുമതല വഹിച്ചു. രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ കായിക മികവ് വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് ഡോ. ബിനു പറഞ്ഞു.