ലണ്ടന്‍: ആദ്യ ടെസ്റ്റില്‍ വിജയസാധ്യതയുണ്ടായിരുന്നിട്ടും പരാജയപ്പെട്ടു, രണ്ടാം ടെസ്റ്റില്‍ സമസ്ത മേഖലകളിലും എതിരാളിയെ നിഷ്പ്രഭമാക്കി വിജയിച്ചു. ഇനി മൂന്നാം ടെസ്റ്റ്. അതും ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍. ഭാരതവും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് ലോഡ്‌സില്‍ തുടക്കം. വിജയത്തോടെ പരമ്പരയില്‍ മുന്നിലെത്താനാണ് ഇരുടീമുകളുടെയും ശ്രമം.
ലോര്‍ഡ്‌സില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ എജ്ബാസ്റ്റണിലെ വിജയ ടീമിനെ ഇറക്കാന്‍ ഇന്ത്യക്കാവില്ല. കാരണം ഭാരതത്തിന്റെ മിന്നും ബൗളര്‍ ജസ്പ്രീത് ബുംറയ്‌ക്ക് മത്സരത്തിലേക്ക് മടങ്ങിവരണം. ബര്‍മിങ്ങാമില്‍ ബുംറ വിശ്രമത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. ലോഡ്‌സില്‍ ബുംറ ഭാരതത്തിനായി കളിക്കുമെന്ന് രണ്ടാം ടെസ്റ്റിനുശേഷം ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വ്യക്തമാക്കിയിരുന്നു. ബുംറയ്‌ക്ക് പകരം ടീമിലെത്തിയ ആകാശ് ദീപ് 10 വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണയ്‌ക്ക് പകരമാകും ബുംറ ടീമിലെത്തുക. ടീമിന് പുറത്ത് പോകാന്‍ മറ്റൊരു സാധ്യത കൂടുതല്‍ നിതീഷ് റെഡ്ഡിക്കാണ്. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നിതീഷ് നേടിയത്. ആറ് ഓവറുകള്‍ എറിഞ്ഞപ്പോള്‍ 29 റണ്‍സും വഴങ്ങി. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
അതേ സമയം ഇംഗ്ലണ്ട് ഇലവനെ പതിവുപോലെ ഒരു ദിവസം മുമ്പേ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത്. ആദ്യ ടെസ്റ്റിന് പിന്നാലെ ജൊഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചിരുന്നില്ല. ജോഷ് ടോംഗിനു പകരമാണ് ആര്‍ച്ചര്‍ ടീമിലെത്തിയിരിക്കുന്നത്.
2019 നും 2021 നും ഇടയില്‍ കളിച്ച താരം 13 ടെസ്റ്റുകളില്‍ നിന്ന് 31.04 ശരാശരിയില്‍ 42 വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്‌ത്തിയിട്ടുണ്ട്. തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ലോങ്ങ് ഫോര്‍മാറ്റില്‍ നിന്നും താരം വിട്ടുനില്‍ക്കുകയായിരുന്നു. 18 മാസം മുമ്പ് സസെക്‌സിനായി കളിച്ചുകൊണ്ടായിരുന്നു ആര്‍ച്ചറുടെ മടങ്ങിവരവ്.
സാധ്യതാ ടീം
ഇന്ത്യ: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, നിധാഷ്‌കുമാര്‍ റെഡ്ഡി/കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്.
ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്,ജോഫ്ര ആര്‍ച്ചര്‍, ഷോയിബ് ബഷീര്‍.