തിരുവനന്തപുരം: കീം 2025 റാങ്ക് ലിസ്റ്റില്‍ കോടതി നിര്‍ദ്ദേശം അംഗീകരിച്ച് പഴയ ഫോര്‍മുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. പഴയ ഫോര്‍മുല അനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക ഇന്ന് തന്നെ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേല്‍ക്കോടതികളില്‍ പോയാല്‍ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: കീം റാങ്ക് പട്ടിക: സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് ഇത്തവണത്തെ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോര്‍മുലയില്‍ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസ്‌പെക്ടസ് പുറത്തിറക്കി, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജില്‍ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
പഴയ ഫോര്‍മുല അനുസരിച്ച് പട്ടിക പുതുക്കുമ്പോള്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ പുറത്തുപോകും. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയാണ് കീം. മാര്‍ക്ക് ഏകീകരണത്തില്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്നില്‍ പോകുന്നത് മറികടക്കാന്‍ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കാന്‍ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം.
The post പഴയ ഫോര്‍മുല അനുസരിച്ച് കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു appeared first on Express Kerala.