ലണ്ടന്‍: രണ്ടാഴ്‌ച്ചയായി തുടര്‍ന്നുവരുന്ന ഇത്തവണത്തെ വിംബിള്‍ഡണ്‍ ടെന്നീസിന് ഇന്ന് സമാപനം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഒന്നാം സീഡ് താരം യാനിക് സിന്നര്‍-രണ്ടാം സീഡ് താരം കാര്‍ലോസ് അല്‍കാരസ് പോരാട്ടത്തോടെയാണ് വിംബിള്‍ഡണ്‍ 2025ന് തിരശ്ശീല വീഴുക. ഒരു മസാത്തിനിടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലാണ് പുതുതലമുറ ടെന്നീസിലെ ഏറ്റവും കരുത്തരായ രണ്ട് താരങ്ങള്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.
കഴിഞ്ഞ മാസം എട്ടിനായിരുന്നു പാരീസിലെ റോളന്‍ഡ് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ പോരാട്ടം. കളിമണ്‍ കോര്‍ട്ടിലെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ കലാശപ്പോരില്‍ അല്‍കാരസ് ജേതാവായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ലോക ടെന്നീസ് ഹൃദയത്തില്‍ കൊട്ടാരം കെട്ടിവാണ ബിഗ് ത്രീ എന്നറിയപ്പെടുന്ന റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍-നോവാക് ദ്യോക്കോവിച് ത്രയത്തിന്റെ സുവര്‍ണ കാലത്തിന് ശേഷം ലോകം കണ്ട ക്ലാസിക് പോരാട്ടമായിരുന്നു അത്. ലണ്ടനിലെ ഇന്നത്തെ സന്ധ്യ പിന്നിടുമ്പോഴേക്കും മറ്റൊരു ക്ലാസിക് ഫൈനല്‍ കൂടിയാണ് ആരാധക ഹൃദയങ്ങളില്‍ താളം തുള്ളി തുടങ്ങുക.
അമേരിക്കയില്‍ നിന്നെത്തിയ അഞ്ചാം സീഡ് താരം ടെയ്‌ലര്‍ ഫ്രിട്‌സിന്റെ വെല്ലുവിളിയെ മറികടന്നാണ് അല്‍കാരസ് ഫൈനല്‍ പാസെടുത്തത്. ഫൈനലിന്റെ റിഹേഴ്‌സലായിരിക്കുമെന്ന് വിലയിരുത്തപ്പെട്ട സിന്നര്‍-ദ്യോക്കോവിച്ച് രണ്ടാം സെമി തീര്‍ത്തും ഏകപക്ഷീയമായി അവസാനിച്ചു. പരിക്കില്‍ വീര്‍പ്പുമുട്ടിയ ദ്യോക്കോവിനെ അനായാസം കീഴടക്കാന്‍ സിന്നറിന് സാധിച്ചു. പുത്തന്‍ യുവകേസരികള്‍ ഇന്നത്തെ ഫൈനലിനിറങ്ങുമ്പോള്‍ ഇതുവരെ കളിച്ചുവന്ന മത്സരതാളം വച്ച് വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. വീറും വാശിയും, ക്ലാസ്സും മാസ്സും സമ്മന്വയിക്കുന്ന ത്രില്ലര്‍ പോരാട്ടമായിരിക്കുമെന്ന് മാത്രമേ പറയാനാകൂ.