ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി ബലത്തില്‍ ഭാരതം പോരാട്ട വീര്യത്തില്‍. മത്സരം മൂന്നാം ദിവസം മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ ഭാരതം ആറ് വിക്കറ്റ് നഷ്ടത്തില്‍ 350 കടന്നിട്ടുണ്ട്. കഷ്ടിച്ച് ലീഡ് നേടിയേക്കാം എന്ന സ്ഥിതിക്കാണ് ഇന്നിങ്‌സിന്റെ പോക്ക്.
അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ച് തുല്യത പാലിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 387 റണ്‍സെടുത്ത് പുറത്തായിരുന്നു.
43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ് ഭാരതം ഇന്നലെ തുടങ്ങിയത്. രാഹുലിനൊപ്പം ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെയാണ് ഭാരതത്തെ നയിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഗംഭീര കൂട്ടുകെട്ട് തീര്‍ത്തിരുന്നെങ്കില്‍ ഭാരതത്തിന് മികച്ച പ്രതീക്ഷയാകുമായിരുന്നു. എന്നാല്‍ അശ്രദ്ധമായി റണ്ണൗട്ട് ക്ഷണിച്ചുവരുത്തി മികച്ച ഫോമിലായിരുന്ന ഋഷഭ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. 112 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 74 റണ്‍സെടുത്താണ് പന്ത് പുറത്തായത്. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ തീര്‍ത്ത 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഭാരത ഇന്നിങ്‌സിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. സെഞ്ച്വറി തികച്ച ഉടനെ രാഹുലും പുറത്തായതോടെ ഭാരതത്തിന് പ്രധാന ബാറ്റര്‍മാരെയെല്ലാം നഷ്ടപ്പെട്ടു. അഞ്ചിന് 254 എന്ന നിലയില്‍ ടീം തളര്‍ന്നു. 177 പന്തുകള്‍ നേരിട്ട രാഹുല്‍ 13 ബൗണ്ടറിയുടെ മികവില്‍ 100 റണ്‍സെടുത്താണ് പുറത്തായത്. ഷോയിബ് ബാഷിറിനായിരുന്നു വിക്കറ്റ്.
സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ പിന്തുണയില്ലാതെ രവീന്ദ്ര ജഡേജ മികവ് പുലര്‍ത്തുന്നത് ഭാരതത്തിന് ആശ പകരുന്നുണ്ട്. ജഡ്ഡുവിനൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്തായി. 91 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് മികച്ച പോരാട്ടം കാഴ്‌ച്ചവയ്‌ക്കാന്‍ ശ്രമിച്ചു. ജഡേജയ്‌ക്കൊപ്പം(71) വാഷിങ്ടണ്‍ സുന്ദര്‍(11) ആണ് ക്രീസില്‍.