മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ്സ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിൽ നിന്നും കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഉള്ള ഗൈഡൻസുകളും, അറിവുകളും, ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ യുവ ട്രെയിനർമാരും ലൈഫ് കോച്ചുമാരായ ഫയാസ് ഹബീബും അൻഷദ് കുന്നക്കാവും ആണ് കേമ്പിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിൻ്റെ പിൻബലത്തിൽ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ അനീസ് വി. കെ വ്യക്തമാക്കി. ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ടെന്നും താൽപര്യമുള്ളവർക്ക് 39593782, 36128530 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് ഉടനെ രജിസ്റ്റർ ചെയ്യാവുന്നതാണെും കോർഡിനേറ്റർ സജീബ് അറിയിച്ചു.