പാരിസ് : ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭയായി ഹരികൃഷ്ണന്‍ എ.രാ.ഫ്രാന്‍സില്‍ നടക്കുന്ന ലാ പ്ലെയിന്‍ അന്താരാഷ്‌ട്ര ചെസ് ടൂര്‍ണ്ണമെന്‍റിലാണ് ഹരികൃഷ്ണന്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടത്തിന് യോഗ്യനായത്.
ഇന്ത്യന്‍ താരമായി പി.ഇന്യനുമായി നടന്ന കളിയില്‍ സമനില പിടിച്ചതോടെയാണ് ഹരികൃഷ്ണന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടുന്നതിനുള്ള മൂന്നാമത്തെ നോം ലഭിച്ചത്. ശ്യാം സുന്ദരാണ് ഹരികൃഷ്ണന്റെ കോച്ച്.
“കഴിഞ്ഞ ഏഴ് വര്‍ഷമായി ഗ്രാന്‍റ് മാസ്റ്റര്‍ പട്ടത്തിനായി പോരാടുന്നു. ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടുക ദുഷ്കരമാണ്. 2022 മുതല്‍ തുടര്‍ച്ചയായി ഇടവേളകളില്ലാതെ ഞാന്‍ ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുകയാണ്. എന്നിട്ടും ഗ്രാന്‍റ്മാസ്റ്റര്‍ പദവിയ്‌ക്കുള്ള നോം കിട്ടുക പ്രയാസമായിരുന്നു. എന്തായാലും ഇത് എളുപ്പമുള്ള യാത്രയല്ല.ഇപ്പോള്‍ സന്തോഷമായി ” – ഗ്രാന്‍റ് മാസ്റ്റര്‍ പദവിയിലേക്കുള്ള കഠിനമായ യാത്രയെ ഓര്‍മ്മിച്ച് കൊണ്ട് ഹരികൃഷ്ണന്‍ പറഞ്ഞു. ഇനി സ്പെയിനിലും പോര്‍ച്ചുഗലിലും ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുത്ത ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. ഇഎല്‍ഒ റേറ്റിംഗ് 2600 നേടുന്നതുവരെ തുടര്‍ച്ചയായി കളിക്കുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.
ഗ്രാന്‍റ് മാസ്റ്റര്‍ പദവിയിലെത്താന്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ അവസാന റൗണ്ടുകളില്‍ നിന്നായി ഒന്നര പോയിന്‍റ് മാത്രം വേണ്ടിയിരുന്നുള്ളൂ. ഒരു കളിയില്‍ ഫ്രാന്‍സിന്റെ ജൂള്‍സ് മുസാദിനെ തോല്‍പിച്ചു. മറ്റൊന്നില്‍ പി. ഇന്യനുമായി സമനിലയും പിടിച്ചു. ഇതോടെയാണ് ഗ്രാന്‍റ്മാസ്റ്റര്‍ പദവിയ്‌ക്കുള്ള മൂന്നാമത്തെ നോം ലഭിച്ചത്.
23 കാരനായ ഹരികൃഷ്ണന്‍ ചെന്നൈയിലെ എസ് ആര്‍എം കോളെജില്‍ നിന്നും എംകോം ഈയിടെ പൂര്‍ത്തിയാക്കി. യുഎസില്‍ എംബിഎ പഠിക്കാനാണ് ലക്ഷ്യമിടുന്നത്.