ഹൈദരാബാദ് : ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും ഭർത്താവ് പി കശ്യപും വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുന്നു. കശ്യപുമായി പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതായി സൈന നെഹ്‌വാൾ അറിയിച്ചു. ഈ തീരുമാനത്തെക്കുറിച്ച് സൈന നെഹ്‌വാൾ ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ അപ്‌ഡേറ്റ് പങ്കിട്ടു.
അതേ സമയം സൈന നെഹ്‌വാളും കശ്യപും സംബന്ധിച്ച ഈ വാർത്ത കായിക ലോകത്തെ പൂർണ്ണമായും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തന്റെ തീരുമാനത്തെക്കുറിച്ച് രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ സൈന നെഹ്‌വാൾ നവമാധ്യമമത്തിൽ കുറിപ്പ് പങ്കിടുകയും ചെയ്തു.
“ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ച ശേഷം, കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങൾ പരസ്പരം സമാധാനവും വളർച്ചയും രോഗശാന്തിയും തിരഞ്ഞെടുക്കുകയാണ്. ആ ഓർമ്മകൾക്ക് ഞാൻ നന്ദിയുള്ളവളാണ്, ഭാവിയിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി.” – സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സൈന നെഹ്‌വാളും പി കശ്യപും 7 വർഷം മുമ്പാണ് വിവാഹിതരായത്. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പരസ്പരം കണ്ടുമുട്ടിയത്. തുടർന്ന് വളരെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും 2018 ലാണ് വിവാഹിതരായത്.