25 വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപമാണ് സംഭവം. പെരിങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിനെ സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. 25 ഓളം വിദ്യാർത്ഥികളുമായി എത്തിയ തിരുവല്ല എസ് സി എസ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്തെ ചതുപ്പിൽ താഴുകയായിരുന്നു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ആറടിയോളം വെള്ളമുള്ള വെള്ളക്കെട്ടിലേക്ക് ബസ് മറിയുന്നത് ഒഴിവാക്കാനായി. സംഭവം കണ്ട നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി ബസിന് പുറത്തിറക്കി.
ALSO READ: കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത
അപകടത്തിന് ഇടയാക്കിയ ബസ് ചാത്തങ്കരിയിൽ പോയി മടങ്ങി വരും വഴി ഗ്രാമപഞ്ചായത്തംഗം റിക്കു മോനി വർഗീസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തടഞ്ഞിട്ടു. ബസിന്‍റെ അമിതവേഗം ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗമടക്കം ഉള്ളവരോട് ജീവനക്കാർ തട്ടിക്കയറിയതോടെ സംഘർഷഭരിതമായി. തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് മാത്തൻ ജോസഫ് അടക്കമുള്ളവർ എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ആറുമണിയോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി യാത്രയായി.
The post 25 കുട്ടികളുമായി പോയ സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു; സംഭവം തിരുവല്ലയിൽ appeared first on Express Kerala.