ലാസ് വെഗാസ്: ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വെറും 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ച് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റിലായിരുന്നു ഈ അട്ടിമറി. ഈ തോല്‍വിയോടെ മാഗ്നസ് കാള്‍സന്‍ ടൂര്‍ണ്ണമെന്‍റിലെ അടുത്ത ഘട്ടമായ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കില്ല. അതായത് ഈ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനാവാന്‍ സാധിക്കില്ല. രണ്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഈ പ്രമുഖ ടൂര്‍ണ്ണമെന്‍റില്‍പരമാവധി മൂന്നാം സ്ഥാനം വരെ നേടാനേ കാള്‍സന് സാധിക്കൂ.
പ്രമുഖ ഗ്രാന്‍സ് സ്ലാം ചെസ് ടൂറിന്റെ ഭാഗമായുള്ള ടൂര്‍ണ്ണമെന്‍റാണിത്. ഈയടുത്ത് പാരിസിലും കാള്‍സ് റൂഹിലും നടന്ന ഗ്രാന്‍റ് ചെസ് ടൂറില്‍ ചാമ്പ്യനായ മാഗ്നസ് കാള്‍സന് പക്ഷെ ലാസ് വെഗാസില്‍ കാലിടറി.
ഒരു ഗെയിമിന് പത്ത് മിനിറ്റ് മാത്രമാണ് അനുവദിക്കുക. സ്പീഡ് ചെസ്സാണിത്. പിന്നീട് ഓരോ കരുനീക്കങ്ങള്‍ക്കും 10 സെക്കന്‍റ് വീതം അധികം അനുവദിക്കും. പൊതുവേ അതിവേഗ കരുനീക്കങ്ങള്‍ക്ക് പ്രഗത്ഭനായ പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സന് ഒരു പഴുതും കൊടുത്തില്ല. നേരത്തെ റാപ്പിഡ്, ബ്ലിറ്റ്സ്, ക്ലാസ്സിക് മത്സരങ്ങളിലെല്ലാം കാള്‍സനെ തോല്‍പിച്ചിട്ടുള്ള പ്രജ്ഞാനന്ദ ഫ്രീ സ്റ്റൈലിലും കാള്‍സനെ പരാജയപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ട് ഗ്രൂപ്പിലായാണ് കളിക്കാരെ വേര്‍തിരിച്ചിരിക്കുന്നത്. വൈറ്റെന്നും ബ്ലാക്കെന്നും. രണ്ട് ഗ്രൂപ്പിലും എട്ട് വീതം ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. ഇതില്‍ വൈറ്റ് ഗ്രൂപ്പിലാണ് പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും വെസ്ലി സോയും ലെവോന്‍ ആരോണിയോനും ഉള്‍പ്പെടെയുള്ള ഏതാനും കളിക്കാര്‍ ഉള്ളത്. ഇതില്‍ നിന്നും നാല് പേര്‍ മാത്രമാണ് ക്വാര്‍ട്ടര്‍ഫൈനല്‍ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ എത്തുക. എന്തായാലും പ്രജ്ഞാനന്ദയ്‌ക്ക് പുറമെ മറ്റ് മൂന്ന് കളിക്കാരന്‍ കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തും. മാഗ്നസ് കാള്‍സന്‍ അഞ്ചാം സ്ഥാനത്തായി. .
വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ കളിയില്‍ ഉടനീളം മാഗ്നസ് കാള്‍സനെതിരെ അധിപത്യം പുലര്‍ത്തി.ഏഴ് റൗണ്ടുകള്‍ക്ക് ശേഷം പ്രജ്ഞാനന്ദയ്‌ക്ക് 4.5 പോയിന്‍റ് ഉണ്ട്. വൈറ്റ് ഗ്രൂപ്പില്‍ ഉസ്ബെകിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനും ജോവോഖിര്‍ സിന്‍ഡൊറോവിനും 4.5 പോയിന്‍റ് വീതമുണ്ട്. ഇവരെല്ലാം ക്വാര്‍ട്ടറില്‍ കടക്കും.
മാഗ്നസ് കാള്‍സനെ തോല്‍പിച്ച ശേഷം പ്രജ്ഞാനന്ദ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറെയും ബിബിസാര അസൊബയേവയെയും തോല്‍പിച്ചിരുന്നു. ക്വാര്‍ട്ടറിലേക്ക് കടക്കാതെ മാഗ്നസ് കാള്‍സന്‍ പുറത്താവും.
എന്താണ് ഫ്രീസ്റ്റൈല്‍ ചെസ് ?
സാധാരണ ചെസ്സില്‍ നിന്നും വ്യത്യസ്തമായി, ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കരുക്കള്‍ വേറെ രീതിയിലാണ് അടുക്കുന്നത്. ബോബി ഫിഷര്‍ എന്ന അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ കണ്ടെത്തിയ രീതിയാണ് ഫ്രീ സ്റ്റൈല്‍ ചെസ്സ്. 360 ഡിഗ്രി ചെസ്സ് എന്നും ഫിഷന്‍ റാന്‍ഡം ചെസ് എന്നും ഇതിന് പേരുണ്ട്. കാലാളുകളെ (പോണിനെ) സാധാരണ ചെസ്സിലേത് പോലെ തന്നെയാണ് നിരത്തുക എങ്കിലും പിന്‍നിരയിലെ റൂക്ക് (തേര്), ബിഷപ്പ് (ആന), നൈറ്റ് (കുതിര), ക്വീന്‍, കിംഗ് എന്നിവയെ ഓരോ കളിയിലും ഓരോ രീതിയിലാണ് നിരത്തിവെയ്‌ക്കുക. അതുകൊണ്ട് തന്നെ ഓപ്പണിംഗിനല്ല, ഭാവനയ്‌ക്കാണ് ഇതില്‍ പ്രാധാന്യം. ഓരോ മത്സരങ്ങള്‍ക്കും ഓരോ രീതിയിലാണ് കരുക്കള്‍ നിരത്തുക എന്നതിനാല്‍ ഇതില്‍ സാധാരണ ക്ലാസിക്കല്‍ ചെസ്സിലേതുപോലെ ഓപ്പണിംഗിനോ മിഡില്‍ ഗെയിമിനോ ഒന്നും പ്രധാന്യമില്ല. ഈ ശൈലിയുടെ ആരാധകനും പ്രൊമോട്ടറും ആണ് മാഗ്നസ് കാള്‍സന്‍. ഫ്രീസ്റ്റൈല്‍ ചെസ്സില്‍ അനുഭവപരിചയമില്ലെങ്കിലും പ്രജ്ഞാനന്ദ ഗംഭീരപ്രകടനം കാഴ്ചവെച്ചു. പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കാള്‍സന്‍ യുഎസിന്റെ വെസ്ലി സോയോടും തോറ്റു. പിന്നീട് ലെവൊൻ ആരോണിയനോട് നടത്തിയ ടൈബ്രേക്കറിലും കാള്‍സന് വിജയിക്കാനായില്ല.
ബ്ലാക്ക് ഗ്രൂപ്പില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സീറ്റ് ഉറപ്പിച്ചു. അമേരിക്കയുടെ ഹികാരു നകാമുറയ്‌ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് അര്‍ജുന്‍ എരിഗെയ്സി. ഹാന്‍സ് നീമാനാണ് മൂന്നാം സ്ഥാനത്ത്. അതേ സമയം ഇന്ത്യയുടെ വിദിത് ഗുജറാത്തി പുറത്തായി.അമേരിക്കയുടെ ഫാബിയാനോ കരുവാനയും ക്വാര്‍ട്ടറില്‍ കടന്നു.