ഉറക്കത്തിൽ പോലും റഷ്യയെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിക്കുന്ന ഡോണൾഡ് ട്രംപിനും നാറ്റോ രാജ്യങ്ങൾക്കും ശുഭകരമായ വർത്തകളല്ല യുക്രെയ്‌നിൽ നിന്ന് പുറത്തുവരുന്നത്. യുക്രെയ്ൻ പരാജയത്തിന്റെ വക്കിലാണ്. റഷ്യ തെളിച്ച വഴിയേ നടക്കുക എന്ന ഒരൊറ്റ മാർഗം മാത്രമേ ഇപ്പോൾ യുക്രെയ്‌ന്റെ മുന്നിലുള്ളൂ.! അമേരിക്കയും നാറ്റോയും ഇനി എന്തൊക്കെ ചെയ്താലും റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ന് ദയനീയ പരാജയമാവും ഫലം.
യുക്രെയ്ന് ഇല്ലാത്തതും, എന്നാൽ റഷ്യക്കുള്ളതുമായ പലകാര്യങ്ങൾ ഉണ്ട്. ശക്തമായ, സംഘടിതമായ സൈനിക ശേഷി, മികവുറ്റ അത്യാധുനിക ആയുധ ശേഖരം, മികച്ച ആസൂത്രണം, ശക്തമായ നേതൃത്വം. എന്നിട്ടും ഇതൊക്കെ ഉണ്ടായിട്ടും, സ്വന്തം ജനതയാണെന്ന ഒരൊറ്റ കാരണത്താൽ മാത്രമാണ് യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ പരിധികൾ ലംഘിക്കാത്തത് എന്ന് വ്യക്തമാണ്.
Also Read: ഇസ്രയേലിനെ ‘വികൃതമാക്കിയ’ ഇറാൻ ആക്രമണം, പഴയ ഇസ്രയേലാകാൻ ഇനി വർഷങ്ങൾ വേണ്ടിവരും
മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ, യുക്രെയ്ന്, നാറ്റോ രാജ്യങ്ങളിൽ നിന്ന് ധാരാളം സഹായങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ആയുധങ്ങൾ, പണം, പരിശീലനം എന്നിങ്ങനെ റഷ്യയെ തോൽപ്പിക്കാൻ എന്തിനും തയ്യാറായി തന്നെ നാറ്റോയും അമേരിക്കയും യുക്രെയ്‌നോടൊപ്പം നിന്നു. പക്ഷെ എന്നിട്ടും ഫലം തോൽവി മാത്രമാണ്. പാശ്ചാത്യൻ രാജ്യങ്ങളും അമേരിക്കയും, യുക്രെയ്ന് എത്ര തന്നെ ആയുധങ്ങൾ എത്തിച്ച് നൽകിയാലും, സാമ്പത്തിക പിന്തുണ നൽകിയാലും, അതൊന്നും റഷ്യക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സഹായകമാവില്ല, എന്ന് മാത്രമല്ല, നിലവിലെ സാഹചര്യത്തിൽ ഇവയെല്ലാം ഉപകാരപ്പെടാതെ പോവുകയും ചെയ്യും. നിലവിൽ യുക്രെയ്ന് ലഭിക്കുക യൂറോപ്യൻ രാജ്യങ്ങൾ നൽകാമെന്നേറ്റ അധിക പാട്രിയോട്ട് ബാറ്ററികൾ, ഓസ്‌ട്രേലിയയിൽ നിന്നുള്ള രണ്ടാം തരം M1 അബ്രാംസ് ടാങ്ക്സ് എന്നിവയാണ്.
പക്ഷെ റഷ്യൻ ആർമിയുടെ കവചിത ബ്രിഗേഡുകളിൽ ഒന്നുപോലും തകർക്കാൻ ഈ ആയുധങ്ങൾ പര്യാപ്തമല്ല. അങ്ങനെയുള്ളപ്പോൾ, റഷ്യൻ FPV ഡ്രോൺ, പീരങ്കികൾ, ATGM മേധാവിത്വം എന്നിവയെ മറികടക്കുക സ്വപ്നത്തിൽ പോലും സാധ്യമാവുകയുമില്ല. ഒരു വർഷം 500 മുതൽ 600 വരെ PAC-3 ഇന്റർസെപ്റ്ററുകൾ മാത്രമാണ് അമേരിക്ക നിർമിക്കുന്നത്. പക്ഷെ റഷ്യ പ്രതിമാസം ഉൽപ്പാദിപ്പിക്കുന്നത് 200 ൽ അധികം മിസൈലുകൾ ആണ്. അതുകൊണ്ട് തന്നെ യുക്രെയ്ൻ പ്രതിരോധത്തെ മറികടക്കാനും അടിച്ചമർത്താനും റഷ്യക്ക് വളരെ എളുപ്പത്തിൽ സാധിക്കുമെന്നാണ് CEPA പോലുള്ള പാശ്ചാത്യ വിശകല വിദഗ്ധർ പോലും സാക്ഷ്യപ്പെടുത്തുന്നത്.

യുക്രെയ്ൻ പരാജയത്തെ കാണിക്കുന്നത് ശൂന്യമായിക്കൊണ്ടിരിക്കുന്ന ആയുധപ്പുരകൾ മാത്രമല്ല. തകർന്ന സമ്പദ്‌വ്യവസ്ഥ, ദുർബലമായ നേതൃത്വം എന്നിവയോടൊപ്പം തന്നെ അവരുടെ ആർമിയുടെ ഇച്ഛാശക്തിക്കും ബലക്ഷയം നേരിട്ടുകൊണ്ടിരിക്കുകയാണ്. സൈനികരുടെ എണ്ണം കുറയുന്നതും പുതിയ നിയമനങ്ങൾ ഉണ്ടാകാത്തതും ആളുകൾക്ക് യുദ്ധത്തിൽ പോരാടാനുള്ള മനഃസാന്നിധ്യം പോലും നഷ്ടപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്. പൊതുജനങ്ങളും നിരാശരാണ്. ഈ സാഹചര്യങ്ങളിൽ ഒരു സൈന്യത്തിനും ഫലപ്രദമായി പോരാടാൻ കഴിയില്ല. യുദ്ധം എന്നത് ആയുധങ്ങൾ മാത്രമല്ല, മനോവീര്യം കൂടിയാണ്. അങ്ങനെ നോക്കുമ്പോൾ യുക്രെയ്ൻ തകർന്നുകൊണ്ടിരിക്കുകയാണ്.
യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുടെ കാര്യമാണ് കഷ്ടം. ഔദ്യോഗിക സമയം കഴിഞ്ഞാലും അധികാരം വിടാൻ സെലെൻസ്കിക്ക് പദ്ധതിയില്ല എന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ തോൽക്കുകയാണ് എന്ന് മനസ്സിലാക്കികൊണ്ട് തന്നെ സെലെൻസ്കി അധികാരത്തിൽ തുടരാനുള്ള ശ്രമത്തിലാണ്. സെലെൻസ്കിയുടെ ഭരണത്തിൽ യുക്രെയ്ൻ ജനത ഒട്ടും സന്തുഷ്ടരല്ല. ഭരണ വിരുദ്ധ വികാരം ആളിക്കത്തുമ്പോഴും, സെലെൻസ്കി ആളുകളെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ ആണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സെലെൻസ്കി അനുഭവിക്കുന്ന കടുത്ത നിരാശയും ഭയവുമാണ് അത് സൂചിപ്പിക്കുന്നത്.
Also Read: പറന്നുയർന്ന് അപ്രത്യക്ഷമായ വിമാനങ്ങൾ: പുതിയ ദുരന്തം പഴയ ദുരൂഹതകളെ വിളിച്ചുണർത്തുന്നു
വർക്കിങ് ഗ്രൂപ്പുകൾ വഴി റഷ്യയുമായി സംസാരിക്കാൻ യുക്രെയ്ൻ തയ്യാറാവുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ഗ്രൂപ്പുകൾ സൈനിക, രാഷ്ട്രീയ, മാനുഷിക വിഷയങ്ങൾ ചർച്ച ചെയ്യും. ഇത് റഷ്യ തെളിച്ച വഴിയാണ്. മറ്റൊരു മാർഗ്ഗവുമില്ലാതെ ആ വഴി നടക്കാൻ നിർബന്ധിതരാവുകയാണ് യുക്രെയ്ൻ ഇപ്പോൾ. യുദ്ധക്കളത്തിൽ മാത്രമല്ല, നയതന്ത്രത്തിലും റഷ്യ വിജയം നേടുന്നു എന്നതിന്റെ ഏറ്റവും വലിയ അടയാളമാണിത്.
തുടക്കം മുതൽ, റഷ്യയ്ക്ക് വ്യക്തമായ ഒരു പദ്ധതി ഉണ്ടായിരുന്നു: ശക്തമായ സൈനിക ശക്തിയോടെ യുദ്ധമുഖത്ത് നിലനിൽക്കുക, നാറ്റോയ്ക്ക് റഷ്യയെ തടയാൻ കഴിയില്ലെന്ന് ലോകത്തെ കാണിക്കുക, യുക്രെയ്നെ ചർച്ചകൾക്ക് പ്രേരിപ്പിക്കുക, സമാധാന ചർച്ചകളുടെ നിയന്ത്രണം ഏറ്റെടുക്കുക. ഇതൊക്കെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയുമൊരു പോരാട്ടത്തിനുള്ള ബാല്യം യുക്രെയ്ന് അവശേഷിക്കുന്നുണ്ടോ എന്നുള്ളതുതന്നെ സംശയാസ്പദമാണ്. സമാധാന ചർച്ചയുടെ റഷ്യൻ പാതയിലാണ് നിലവിൽ യുക്രെയ്ൻ. നാറ്റോ കൈകെട്ടി നോക്കിയിരിക്കുകയാണ്. എതിർക്കാനോ, തടയാനോ കഴിയാതെ നിശബ്ദം കണ്ടുനിൽക്കേണ്ട അവസ്ഥയാണ്.

യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനോടൊപ്പം തന്നെ, കാസ്പിയൻ കടലിൽ, ഇറാനുമായി ചേർന്ന് മൂന്ന് ദിവസത്തെ കാസറെക്സ് 2025 സംയുക്ത അഭ്യാസം സംഘടിപ്പിച്ചിരിക്കുകയാണ് റഷ്യ. ഇരു രാജ്യങ്ങളിലെയും നാവിക സേനകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ അംഗങ്ങളുമാണ് ഇതിൽ പങ്കെടുക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളും എന്ത് ചെയ്യണമെന്നറിയാതെ റഷ്യൻ പ്രതിരോധത്തിൽ പകച്ചു നിൽക്കുന്നതിനിടയിലാണ് റഷ്യയുടെ ഈ നീക്കം. കാസ്പിയൻ മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാസ്പിയൻ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിലെ നാവിക സേനകൾ തമ്മിലുള്ള സമുദ്ര സുരക്ഷയുടെയും സഹകരണത്തിന്റെയും നിലവാരം വർദ്ധിപ്പിക്കുക എന്നതാണ് അഭ്യാസങ്ങളുടെ ലക്ഷ്യം. റഷ്യ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ, അസർബൈജാൻ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളാണ് കാസ്പിയൻ കടലിന്റെ അതിർത്തിയിൽ ഉള്ളത്. ഈ രാജ്യങ്ങളൊക്കെ ചേർന്ന് ഒരുമിച്ച് നടത്തുന്ന സംയുക്ത സൈനിക അഭ്യാസം റഷ്യയെ കൂടുതൽ കരുത്തരാക്കും, റഷ്യയുടെ പതനം സ്വപ്നം കാണുന്ന അമേരിക്കയെയും മറ്റ് നാറ്റോ രാജ്യങ്ങളെയും കുറച്ചൊന്നുമല്ല ഈ സംയുക്ത അഭ്യാസം ബാധിക്കാൻ പോവുന്നത്. റഷ്യയെ തോൽപ്പിക്കാനൊരുങ്ങി ഭീകര പ്രത്യാഘാതങ്ങളിലേക്കാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നീങ്ങുന്നത് എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്.
Also Read: ഇവർ അറിയാതെ ഒന്നും നടക്കില്ല… ആണവ രഹസ്യങ്ങൾക്ക് പിന്നിലെ കണ്ണുകൾ
യുദ്ധം റഷ്യക്കും യുക്രെയ്നും നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അത് തന്നെയായിരുന്നു നാറ്റോയുടെയും അമേരിക്കയുടെയും ലക്ഷ്യവും, മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ കൗശലം. റഷ്യൻ ബ്യൂറോ ഓഫ് മിലിട്ടറി-പൊളിറ്റിക്കൽ അനാലിസിസ് എക്സ്പെർട്ട് ആയ നിക്കോളായ് കോസ്റ്റികന്റെ നിരീക്ഷണത്തിൽ, റഷ്യ-യുക്രെയ്ൻ ജനതയുടെ സർവ്വനാശമാണ് പാശ്ചാത്യ ശക്തികൾ ആഗ്രഹിക്കുന്നത്. യുക്രെയ്നെ പിന്തുണക്കുക എന്നുള്ള അവരുടെ തീരുമാനം പോലും ഈ ഒരു ആശയത്തെ പിൻപറ്റിയാണ് ഇരിക്കുന്നത്.
റഷ്യ ആഗ്രഹിക്കാത്ത ഒരു യുദ്ധമായിരുന്നു ഇത്. സമാധാന ചർച്ചകൾ ഫലം കണ്ടാൽ ഭാവി റഷ്യ നിശ്ചയിക്കും. ശക്തിയും ബുദ്ധിയും ഒരുപോലെ പ്രയോഗിക്കുന്ന റഷ്യ ആണ് മുന്നിൽ നിൽക്കുന്നത്. റഷ്യയുടെ നിർദ്ദേശം അംഗീകരിക്കാനുള്ള യുക്രെയ്ൻ തീരുമാനം യുദ്ധത്തിലും സമാധാനത്തിലും റഷ്യയുടെ വലിയ വിജയത്തെയാണ് കാണിക്കുന്നത്.
റിപ്പോർട്ട് തയ്യാറാക്കിയത് : രശ്മി തമ്പാൻ
വീഡിയോ കാണാം
The post പുടിൻ പൊട്ടിച്ചിരിക്കുന്നു, യുക്രെയ്നിൽ നടക്കുന്നതെല്ലാം റഷ്യ പ്ലാൻ ചെയ്തതു മാത്രം ! appeared first on Express Kerala.