ന്യൂഡൽഹിഃ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോർഡിനേറ്ററായി അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ് അട്ടപ്പാട്ട് നിയമിതനായി. സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഡോ. സെബാസ്റ്റ്യൻ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. ഇതിനകം പതിനാലു ഗ്രന്ധങ്ങളുടെ രചയിതാവുകൂടെയാണ് അഡ്വ. ഡോ. സെബാസ്റ്റ്യൻ.
രാജ്യത്തിനകത്തും പുറത്തും നിരവധി സംഘടനകളും അഭിഭാഷകരുമായി വലിയ ബന്ധം പുലർത്തുന്ന അഡ്വ. ഡോ. സെബാസ്റ്റ്യൻ ജോസഫ്, പ്രവാസി ലീഗൽ സെൽ പ്രവർത്തനങ്ങൾ ഉയർന്ന തലത്തിലേക്കെത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. രാജ്യത്തെ വിവിധ ഹൈക്കോടതികളിലും വിവിധ സംസ്ഥാനങ്ങളിലും ഓൺലൈൻ ആർ.ടി. ഐ. പോർട്ടലുകൾ സ്ഥാപിച്ചത് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നിന്ന് നേടിയെടുത്ത ഉത്തരവിനെ തുടർന്നാണ്. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്.