മുംബൈ : നൃത്തസംവിധായകയായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ആദ്യമായി തന്റെ മാനസിക നിലയെക്കുറിച്ച് തുറന്നു പറഞ്ഞു. ധനശ്രീയും താനും മാസങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരിക്കലും എല്ലാം ശരിയാകുമെന്ന് താൻ കരുതിയിരുന്നില്ല, വേർപിരിയേണ്ടി വന്നു. ധനശ്രീയുമായുള്ള വിവാഹമോചനത്തിന് ശേഷം തന്നെ സമൂഹം വഞ്ചകൻ എന്ന് പോലും വിളിച്ചിരുന്നു. ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വിവാഹമോചനത്തിന് ശേഷം തന്നെ തെറ്റിദ്ധരിപ്പിച്ചതായും ‘വഞ്ചകൻ’ എന്ന ടാഗ് നൽകിയതായും ചാഹൽ, രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിലാണ് പറഞ്ഞത്. എന്നാൽ ജീവിതത്തിൽ ഒരിക്കലും താൻ വഞ്ചിച്ചിട്ടില്ല. ഞാൻ ഒരു വിശ്വസ്ത വ്യക്തിയാണ്. എന്നെപ്പോലെ വിശ്വസ്തനായ ഒരാളെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. എന്റെ ആളുകളെക്കുറിച്ച് എനിക്ക് കരുതലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മുഴുവൻ കഥയും അറിയാതെ ആളുകൾ ഒരു നിഗമനത്തിലെത്തുമ്പോൾ എനിക്ക് ഏറ്റവും മോശം തോന്നുന്നു. ഇതെല്ലാം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല, എന്നിട്ടും അവർ എന്നെ കുറ്റപ്പെടുത്തുന്നുവെന്നും താരം വ്യക്തമാക്കി. കൂടാതെ പരസ്പരം വിട്ടുവീഴ്ചയില്ലാത്തതാണ് വിവാഹമോചനത്തിനുള്ള കാരണം എന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് നല്ല സമയം ചെലവഴിക്കാൻ കഴിയാത്തതിനാലാണ് അകലം വർദ്ധിച്ചത്. ഇരുവശത്തുനിന്നും വിട്ടുവീഴ്ച ആവശ്യമാണെങ്കിലും, ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ കാരണം എല്ലാം തകർന്നു.
കൂടാതെ താനും ധനശ്രീയും അവരവരുടെ കരിയറിൽ തിരക്കിലായിരുന്നെന്നും ചാഹൽ പറഞ്ഞു. ഇക്കാരണത്താൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു, ഇത് ക്രമേണ ഞങ്ങളുടെ ബന്ധത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.