ലണ്ടന്‍: ടോസിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ പുതിയ നായകന് ഇതുവരെ ഭാഗ്യമില്ല. തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് മത്സരത്തിലും ശുഭ്മന്‍ ഗില്ലിന് ടോസ് ലഭിച്ചില്ല. എന്നാല്‍, വൈദ്യന്‍ കല്‍പ്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന പോലെ ടോസ് നഷ്ടപ്പെട്ട ഭാരതത്തിന് ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരമാണ് ഇംഗ്ലീഷ് നായകന്‍ ഒല്ലി പോപ്പ് നല്‍കിയത്. തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ടോസ് വിജയിക്കാത്ത നാലാമത്തെ ഭാരത നായകനാണ് ഗില്‍. ലാലാ അമര്‍നാഥ് (1948-49, വിന്‍ഡീസിനെതിരേ), കപില്‍ദേവ് (1982-83 വെസ്റ്റ് ഇന്‍ഡീസിനെതിരേ), വിരാട് കോഹ്്‌ലി (2018, ഇംഗ്ലണ്ടിനെതിരേ എന്നിവരാണ് മറ്റ് മൂന്നു പേര്‍.
ഇനി ടീമെന്ന നിലയിലും ഭാരതത്തിന് ടോസ് ലഭിച്ചിട്ട് നാളേറെയായി. തുടര്‍ച്ചയായ 15-ാം അന്താരാഷ്‌ട്ര മത്സരത്തിലാണ് ഭാരതത്തിന് ടോസ് നഷ്ടമാവുന്നത്.
ചാംപ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ടെസ്റ്റ് പരമ്പരയ്‌ക്ക് വേണ്ടി ഇംഗ്ലീഷ് മണ്ണിലാണ് ഭാരതം കളത്തിലിറങ്ങിയത്. 2025 ജനുവരി 28ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് ഭാരതത്തിന് അവസാനമായി ടോസ് ലഭിക്കുന്നത്. പരമ്പരയിലെ അടുത്ത രണ്ട് ടി20 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. പിന്നാലെ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലോ സെമിയിലോ ഫൈനലിലോ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ടോസ് നേടാനായിരുന്നില്ല.