റിയാദ് : 15 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സൗദിയിലെ റിയാദില്‍ നടക്കുന്ന ഇ സ്പോര്‍ട്സില്‍ യോഗ്യത നേടുന്നത് തന്നെ മരണക്കളിയായിരുന്നു. ലോകത്തിലെ ഉന്നത ലോകറാങ്കുള്ളവര്‍ തമ്മിലുള്ള പോരിലാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ പോലും തോറ്റ് പുറത്തായപ്പോള്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത് രണ്ട് പേര്‍ . അര്‍ജുന്‍ എരിഗെയ്സിയും തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിനും മാത്രം.
10 മിനിറ്റ് മാത്രമാണ് ഒരു ഗെയിമിന് ഇ സ്പോര്‍ട്സ് അനുവദിക്കുക. അതായത് സ്പീഡ് ചെസ്സുകാരുടെ വേദിയാണ് ഇ സ്പോര്‍ട്സ് എന്നര്‍ത്ഥം. ഓരോ കരുനീക്കത്തിനും ഇന്‍ക്രിമെന്‍റ് എന്ന രീതിയില്‍ കൂടുതല്‍ സെക്കന്‍റുകള്‍ അനുവദിക്കില്ല. അതിഗംഭീര പ്രാഥമിക റൗണ്ട് പോരാട്ടങ്ങളില്‍ വിജയം കൊയ്ത് നിഹാല്‍ സരിന്‍ എന്ന ചെസ് പ്രതിഭ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. ക്വാര്‍ട്ടറില്‍ മാഗ്നസ് കാള്‍സനുമായിട്ടായിരുന്നു മാറ്റുരച്ചത്. ഇതില്‍ ആദ്യ ഗെയിം സമനിലയില്‍ പിരിഞ്ഞു. നിഹാല്‍ സരിന് വെറും 20 സെക്കന്‍റ് മാത്രം ബാക്കിയുള്ളപ്പോള്‍ കാള്‍സനോട് ഈ ഗെയിമില്‍ സമനില ചോദിച്ചെങ്കിലും കാള്‍സന്‍ നിരസിച്ചു. പക്ഷെ അടുത്ത നിമിഷം മൂന്ന് കരുനീക്കങ്ങള്‍ ഒരു പോലെ ആവര്‍ത്തിക്കുക വഴി ഗെയിം സമനിലയില്‍ പിരിഞ്ഞപ്പോഴാണ് കാള്‍സനും അമ്പരന്ന് പോയത്. പക്ഷെ അടുത്ത രണ്ട് ഗെയിമുകളില്‍ വിജയം കൊയ്തുവെങ്കിലും മാഗ്നസ് കാള്‍സന് വിയര്‍ത്ത് കളിക്കേണ്ടിവന്നു. ഒടുവില്‍ 2.5- 0.5 സ്കോറിന് മാഗ്നസ് കാള്‍സന്‍ സെമിയില്‍ കടന്നു.
21കാരനായ നിഹാല്‍ സരിന്‍ തന്റെ മികച്ച പ്രകടനത്തിലൂടെ ലോക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരു മാസം മുന്‍പ് ടൈറ്റില്‍ഡ് ട്യൂസ് ഡേ എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ അതിവേഗ ചെസില്‍ കാള്‍സനെ തോല്‍പിച്ച താരം കൂടിയാണ് നിഹാല്‍ സരിന്‍. റാപ്പിഡും ബ്ലിറ്റ്സും പോലുള്ള അതിവേഗ ചെസ്സില്‍ മാസ്റ്ററാണ് നിഹാല്‍ സരിന്‍.
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി സെമി ഫൈനല്‍ വരെ എത്തി. പക്ഷെ സെമിയില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് ഫൈനലില്‍ കടന്നു. ആറ് കളികളുള്ള ഗെയിമില്‍ രണ്ടെണ്ണം സമനിലയിലായി. ഒന്നും മൂന്നും അഞ്ചും ഗെയിമുകളില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ചു. ഇനി മാഗ്നസ് കാള്‍സനും ഹികാരു നകാമുറയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ അലിറെസ ഫിറൂഷ നേരിടും.
നിഹാല്‍ സരിന് 75 ലക്ഷം രൂപ, അര്‍ജുന്‍ എരിഗെയ്സിക്ക് 1 കോടി
നിഹാല്‍ സരിന് 75 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിയ്‌ക്കും. സെമിഫൈനലില്‍ എത്തിയതിനാല്‍ അര്‍ജുന്‍ എരിഗെയ്സിക്ക് ഒരു കോടി രൂപ കിട്ടും. ഇനി ലൂസേഴ്സ് സെമിഫൈനലില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ച് മൂന്നാം സ്ഥാനത്തെത്തിയാല്‍ 1.26 കോടി രൂപ സമ്മാനമായി ലഭിക്കും.