പെഷവാർ: ജർമ്മൻ ബയാത്ത്‌ലോൺ ചാമ്പ്യൻ ലോറ ഡാൽമെയർ വടക്കൻ പാകിസ്ഥാനിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ മരിച്ചു. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് കൂടിയായ ഡാൽമെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ ലൈല കൊടുമുടി കയറുന്നതിനിടെ പാറക്കെട്ടുകൾ വീണാണ് മരണം സംഭവിച്ചത്. ബുധനാഴ്ച പർവ്വതത്തിൽ ഡാൽമിയർ മരിച്ചതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചതായി ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രാദേശിക സർക്കാരിന്റെ വക്താവ് ഫൈസുള്ള ഫറാഖ് പറഞ്ഞു.
ലോറയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെടുത്ത ശേഷം സ്കാർഡു നഗരത്തിലേക്ക് കൊണ്ടുവരുമെന്ന് ഫറാഖ് പറഞ്ഞു. സൈനിക ഹെലികോപ്റ്ററുകൾ സഹായത്തിനായി സജ്ജമായിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം പറക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
2017 ലെ വനിതാ ബയാത്ത്‌ലോൺ ലോകകപ്പ് ജേതാവായ ഡാൽമെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ ലൈല പർവതമുകളിൽ കയറുന്നതിനിടെ പാറക്കെട്ടുകൾ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഡാൽമെയറിന്റെ സഹ പർവതാരോഹകയായ മറീന ഇവാ താൻ കുഴപ്പത്തിലാണെന്ന് സൂചന നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച പ്രാദേശിക അധികാരികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകരുടെ സഹായത്തോടെ മറീനയ്‌ക്ക് ബേസ് ക്യാമ്പിലേക്ക് മടങ്ങാൻ കഴിഞ്ഞു. ജർമ്മനിയിലെ ഡാൽമെയറിന്റെ മാനേജ്‌മെന്റ് സംഘം പറയുന്നതനുസരിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 5,700 മീറ്റർ ഉയരത്തിൽ വച്ചാണ് ഡാൽമെയർ അപകടത്തിൽപ്പെട്ടത്. പാറക്കെട്ടുകൾ ഇടിച്ച് അവർക്ക് ഗുരുതരമായി പരിക്കേറ്റതായി ജർമ്മൻ ബ്രോഡ്‌കാസ്റ്ററായ ‘ZDF’ ഉം റിപ്പോർട്ട് ചെയ്തു.
അതേ സമയം വടക്കൻ പാകിസ്ഥാനിൽ എല്ലാ വർഷവും നൂറുകണക്കിന് പർവതാരോഹകർ മലകയറാൻ ശ്രമിക്കാറുണ്ടെന്നും ഹിമപാതങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന അപകടങ്ങൾ സാധാരണമാണെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. ഇത്തവണ ഈ പ്രദേശത്ത് പതിവിലും കൂടുതൽ സീസണൽ മഴ ലഭിച്ചു, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ വടക്കൻ ജില്ലയായ ചിലാസിന് സമീപം കുറഞ്ഞത് 20 പാകിസ്ഥാൻ വിനോദസഞ്ചാരികളെയെങ്കിലും കാണാതായിട്ടുണ്ട്.