ന്യൂദല്‍ഹി: അനിശ്ചിതത്വത്തിലായിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) 2025-26 നടത്തിപ്പുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) നാളെ നിര്‍ണായക യോഗം വിളിച്ചു. എഐഎഫ്എഫും ഐഎസ്എല്‍ ക്ലബ്ബുകളുടെ സിഇഒമാരുമായി ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റേതടക്കമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
എട്ട് ക്ലബ്ബുകളുടെ സിഇഒമാരാണ് നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്. ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ എന്നീ ക്ലബ്ബുകള്‍ കഴിഞ്ഞ മാസം 28ന് എഐഎഫ്എഫിനോട് സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം വിളിച്ചിരിക്കുന്നത്. ലീഗ് നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും(എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ്(എംആര്‍എ) ഒപ്പുവയ്‌ക്കാത്തതാണ് അനിശ്ചിതത്വം ഉടലെടുത്തതിന് കാരണം. നിലവില്‍ എംആര്‍എ എഗ്രിമെന്റ് ഉണ്ടെങ്കിലും അതിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പതിവുപോലെ സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി പുതിയ സീസണ്‍ ഐഎസ്എല്‍ തുടങ്ങിയാലും കരാര്‍ പുതുക്കിയില്ലെങ്കില്‍ ഡിസംബറിനപ്പുറം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ല. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ എഫ്എസ്ഡിഎല്ലിന് മുന്‍കൂട്ടി ആസൂത്രണം ചെയ്യാനോ ലീഗിന്റെ വിപണന സാധ്യതകള്‍ക്കായി ഇറങ്ങി തിരിക്കാനോ സാധിക്കാതെ വരുന്നുണ്ട്.
എഐഎഫ്എഫിന് പുതിയ ഭരണ ഘടന നിലവില്‍ വന്നാലേ എംആര്‍എ കരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാനാകൂ എന്നാണ് വ്യവസ്ഥ. 2017ലെ ദേശീയ സ്‌പോര്‍ട്‌സ് കോഡ് ലംഘിച്ചുവെന്നതിനാലാണ് എഐഎഫ്എഫിനോട് പുതിയ ഭരണഘടന രൂപീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ഇത്തവണത്തെ മന്‍സൂണ്‍ കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പാര്‍ലമെന്റില്‍ ബില്‍ നിയമമാകുകയും പ്രാബല്യത്തിലുമായ ശേഷമേ എഐഎഫ്എഫുമായി ബന്ധപ്പെട്ട ഭരണഘടനാ കേസില്‍ പുതിയൊരു തീരുമാനത്തിലെത്താനാകൂ എന്ന നിലപാടാണ് സുപ്രീം കോടതിക്കുള്ളത്.
ഐഎസ്എല്ലില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുന്നതിനാല്‍ ഡ്യൂറന്‍ഡ് കപ്പില്‍ നിന്നടക്കം പല ടീമുകളും വിട്ടുനില്‍ക്കുന്നുണ്ട്. ഒഡീഷ എഫ്‌സി താരങ്ങളുമായുള്ള കരാറുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കൂടിയാണ് നാളത്തെ യോഗം.