കൂട്ടിയും കിഴിച്ചും നോക്കിയാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടം ഭാരതത്തിന് തന്നെ, സംശയം വേണ്ട. പേരു പോലെ തന്നെ ആദ്യ മത്സരം തുടങ്ങും മുമ്പേ മുതല്‍ പരീക്ഷണങ്ങളുടെ പരമ്പരകള്‍ ഒത്തിരി കടന്നാണ് ശുഭ്മാന്‍ ഗില്ലും കൂട്ടരും ജയത്തോളം പോന്ന പരമ്പരയില്‍ സമനില നേടിയത്. അഞ്ച് മത്സര പരമ്പരയില്‍ രണ്ടെണ്ണം ഇംഗ്ലണ്ട് നേടിയപ്പോള്‍ രണ്ടെണ്ണം വിരുന്നുകാരായ ഭാരതവും സ്വന്തമാക്കി. ഇതിനു മുമ്പും ഭാരതം ജയിച്ചിട്ടുമുണ്ട് തോറ്റിട്ടുമുണ്ട്, പക്ഷെ ഒരു പരമ്പരയിലെ ജയവും തോല്‍വിയും സമനിലയുമെല്ലാം എന്നെന്നും ഓര്‍ക്കാന്‍ പാകത്തില്‍ കാഴ്‌ച്ച വിരുന്നായി മാറിയ മത്സരങ്ങള്‍ എന്നൊരു പ്രത്യേകത ഇംഗ്ലണ്ടില്‍ കഴിഞ്ഞുപോയ അഞ്ച് ടെസ്റ്റുകള്‍ക്കുണ്ട്.
ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പേ ആദ്യ പരീക്ഷണം സ്വന്തം പക്ഷത്തു നിന്നു തന്നെ ഭാരതം നേരിട്ടു. പരിചയ സമ്പന്നനായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് മതിയാക്കാന്‍ തീരുമാനിച്ചു. ശുഭ്മാന്‍ ഗില്‍ നായകാനായി ആദ്യ പരീക്ഷയ്‌ക്ക് തയ്യാറെടുത്തു. പുറപ്പെടും മുമ്പേ ബുംറയ്‌ക്ക് എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചേക്കില്ലെന്ന് അറിയിച്ചിരുന്നു. പേസര്‍ മുഹമ്മദ് ഷമി തീര്‍ച്ചയായും ഉണ്ടാവില്ലെന്ന് ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭാരത ടീം ബുംറയുടെ വിശ്രമത്തിന് അംഗീകാരം നല്‍കാന്‍ തയ്യാറായത്.
ആദ്യ മത്സരം ലീഡ്‌സില്‍ ഭാരതം അഞ്ച് വിക്കറ്റിന് തോറ്റു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ നേരിയ ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിങ്‌സില്‍ മികച്ച പോരാട്ടം കാഴ്‌ച്ചവച്ചാണ് കീഴടങ്ങിയത്. ഗില്ലും പന്തും രാഹുലും സെഞ്ച്വറി നേടി ഭാരതം മികച്ച തുടക്കമാണ് നല്‍കിയത്.
രണ്ടാം ടെസ്റ്റില്‍ ഭാരതം വിജയിച്ചു. പരമ്പരയിലെ ഒരേയൊരു ആധികാരിക വിജയം അത് എജ്ബാസ്റ്റണില്‍ ഭാരതം നേടിയ ഈ വിജയമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി ഗില്‍ നിറഞ്ഞാടിയ മത്സരത്തില്‍ ആതിഥേയരെ നിഷ്പ്രഭരാക്കിയാണ് ഭാരതം വിജയിച്ചത്. ബുംറ വിശ്രമത്തിലിരുന്ന മത്സരത്തില്‍ ആകാശ് ദീപ് പത്ത് വിക്കറ്റുമായി വരവറിയിച്ച മത്സരം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ ആകാശ് രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു.
ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഭാരതം അനായാസം ജയിക്കുമെന്ന തോന്നലുണ്ടാക്കിയ ശേഷമാണ് 22 റണ്‍സിന് പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്‌സില്‍ 61 റണ്‍സുമായി പുറത്താകാതെ രവീന്ദ്ര ജഡേജ ഏകനായി പോരാടിയെങ്കിലും ആരും കുട്ടില്ലാതെ മത്സരം കൈവിടുകയായിരുന്നു. ഇന്നിങ്‌സില്‍ 39 റണ്‍സെടുത്ത ഓപ്പണര്‍ രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ച ഒരേയൊരു ബാറ്റര്‍. ഒരാളെങ്കിലും ജഡേജയ്‌ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയെങ്കിലും വിക്കറ്റ് കളയാതെ നിന്നിരുന്നെങ്കില്‍ ജയിക്കേണ്ട മത്സരമായിരുന്നു അത്.
നാലാം മത്സരം ഭാരതം വിജയതുല്യമായ സമനില നേടിയെടുക്കുകയായിരുന്നു. അതിനുള്ള നൂറ് ശതമാനം മാര്‍ക്കും അര്‍ഹിക്കുന്നത് രവീന്ദ്ര ജഡേജയും(107) വാഷിങ്ടണ്‍ സുന്ദറും (107) പുറത്താകാതെ നേടിയ സെഞ്ച്വറികളാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഒരു ദിവസത്തോളം സമയമാണ് വീരോചിതമായി ചെറുത്തു നിന്നത്.
അഞ്ചാം ടെസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞ ചരിത്ര തുല്യമായ വിജയം. ബുംറ പുറത്തിരുന്നപ്പോഴും പരിക്ക് കാരണം ആകാശ് വിട്ടുപോയപ്പോഴും ഭാരതത്തിനൊപ്പം തുടക്കം മുതല്‍ ഓരോ ടെസ്റ്റിലും അമിതാദ്ധ്വാനം ചെയ്ത് ഭാരത ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നെടുന്തൂണായി നിന്ന മുഹമ്മദ് സിറാജിലേക്ക് വിജയശില്‍പ്പിയുടെ സമ്മാനം ഈ മത്സരത്തിലൂടെ എത്തിപ്പെടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ഭാരത വിജയത്തില്‍ നിര്‍ണായകമായി. നമ്മള്‍ വിജയം ഉറപ്പിച്ച വിക്കറ്റും സിറാജിന്റെ വകയായിരുന്നു. ഈ ഒരു ഫൈന്‍ ഫിനിഷിങ് ഇല്ലാതെ പോയിരുന്നെങ്കില്‍ ഈ പരമ്പരയില്‍ ഒത്തിരി അദ്ധ്വാനിച്ച മുഹമ്മദ് സിറാജിന്റെ പേര് അടയാളപ്പെടുത്തുമായിരുന്നില്ല. അതൊരുപക്ഷേ പരമ്പരയുടെ പൂര്‍ണതയ്‌ക്ക് പോലും മങ്ങലേല്‍പ്പിക്കുമായിരുന്നു.