ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം.അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറ് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
കൈവിട്ടെന്നു കരുതിയ മത്സരം അവസാന ദിനം എറിഞ്ഞുപിടിക്കുകയായിരുന്നു ഇന്ത്യ.അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു വിക്കറ്റുകളും എറിഞ്ഞിട്ടു.
അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് അവിസ്മരണീയ വിജയമാണ് സമ്മാനിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ശേഷിക്കേ അവസാന ദിനം ജയിക്കാന്‍ 35 റണ്‍സ് വേണമായിരുന്നു. ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തി ജാമി ഓവര്‍ട്ടണ്‍ തുടങ്ങി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ (2) മുഹമ്മദ് സിറാജ് വീഴ്‌ത്തി. പിന്നാലെ 80-ാം ഓവറില്‍ ഓവര്‍ട്ടണിനെ (9) വിക്കറ്റിനു മുന്നിലും സിറാജ് കുടുക്കി. പതിനൊന്ന് പന്തുകള്‍ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ വിക്കറ്റ് 12-ാം പന്തില്‍ പ്രസിദ്ധ് തെറിപ്പിച്ചു. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്‌സ് ക്രീസിലെത്തി. വോക്‌സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. വീണ്ടും ഇംഗ്ലണ്ടിന് പ്രതീക്ഷ.എന്നാല്‍ 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ (17) വിക്കറ്റ് തെറിപ്പിച്ച് സിറാജ് ഇന്ത്യയ്‌ക്ക് ആവേശജയം സമ്മാനിക്കുകയായിരുന്നു.
ഇന്നലെ ഹാരി ബ്രൂക്കും ജോ റൂട്ടും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയില്‍ നിന്ന് കളി തട്ടിയെടുത്തു എന്ന് കരുതിയതായിരുന്നു.ബ്രൂക്ക് ഇന്നലെ 98 പന്തില്‍ നിന്ന് 113 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. റൂട്ട് 105 റണ്‍സും എടുത്തു.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 195 റണ്‍സ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെ തകര്‍ത്തു. എന്നാല്‍ ബ്രൂക്ക്-റൂട്ട് കൂട്ടുകെട്ട് തകര്‍ന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ ഊര്‍ജ്ജം വീണ്ടെടുത്തു. പ്രസിദ്ധ് കൃഷ്ണ ബെതലിനെയും റൂട്ടിനെയും പുറത്താക്കി.
പിന്നെ ജയിക്കാന്‍ 37 റണ്‍സും 4 വിക്കറ്റും. എന്നാല്‍ ഇന്നലെ ന്യൂബോള്‍ എടുക്കാന്‍ 4 ഓവര്‍ മാത്രം ബാക്കിയിരിക്കെ മോശം കാലാവസ്ഥ കാരണം കളി നിര്‍ത്തിവെച്ചു.