ന്യൂദല്‍ഹി::കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫുട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ദല്‍ഹിയില്‍ വെച്ചാണ് ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുക. ദല്‍ഹിയില്‍ ഫിറോസ് ഷാ കോട് ല മൈതാനത്ത് നരേന്ദ്രമോദി ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചടങ്ങില്‍ പങ്കെടുത്ത് മെസ്സിയെ ആദരിക്കും. മെസ്സി ദല്‍ഹിയിലെ പുതിയ തലമുറയിലെ ഫുട്ബാള്‍ താരങ്ങള്‍ക്ക് പ്രചോദനം പകരുന്ന ക്ലാസ് എടുക്കും.
ഇതിന് മുന്‍പ് ഡിസംബര്‍ 12ന് മെസ്സി ഇന്ത്യയില്‍ ഫുട്ബാളിന്റെ ഈറ്റില്ലമായ കൊല്‍ക്കൊത്തയില്‍ എത്തും. അവിടെ നിന്നും വിവിധ നഗരങ്ങളില്‍ മെസ്സി പര്യടനം നടത്തും. ഡിസംബര്‍ 13ന് മെസ്സി കൊല്‍ക്കൊത്തിയില്‍ തന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. ലോകത്തില്‍ തന്നെ മെസ്സിയുടെ ഏറ്റവും ഉയരും കൂടിയ പ്രതിമയാണ് ഇത്. അന്ന് കൊല്‍ക്കൊത്തയിലെ ഈഡന്‍ ഗാര്‍ഡില്‍ ഉച്ചയ്‌ക്ക് 12.30 മുതല്‍ 1.30 വരെ നടക്കുന്ന സെവന്‍സ് ഫുട്ബാള്‍ മാച്ചിലും മെസ്സിയുടെ സാന്നിധ്യം ഉണ്ടാകും. ഇതില്‍ ഒരു ടീമില്‍ മെസ്സി, നടന്‍ ജോണ്‍ എബ്രഹാം, ലിയാണ്ടര്‍ പേസ്, സൗരവ് ഗാംഗുലി, ബൈചുങ് ബൂട്ടിയ എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. ടിക്കറ്റ് വെച്ച് നടത്തുന്ന ഈ പരിപാടിയില്‍ ഈഡന്‍ ഗാര്‍ഡനിലെ 68000 സീറ്റുകള്‍ ഹൗസ് ഫുള്ളായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. ഇവിടെ കൊല്‍ക്കൊത്തയിലെ പുതിയ ഫുട്ബാള്‍ താരങ്ങള്‍ക്ക് മെസ്സി ഒരു മാസ്റ്റര്‍ ക്ലാസ് എടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ചടങ്ങില്‍ മെസ്സിയെ ആദരിക്കും.
കൊല്‍ക്കൊത്തയിലെ ചടങ്ങിന് ശേഷം അദാനി ഫൗണ്ടേഷന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മെസ്സി പങ്കെടുക്കും. അതിന് ശേഷം ഡിസംബര്‍ 14ന് മഹാരാഷ്‌ട്രയിലേക്ക് പോകും. മുംബൈയില്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മെസ്സിയ്‌ക്കൊപ്പം വിരാട് കോഹ്ലി, മഹേന്ദ്ര സിങ്ങ് ധോണി എന്നിവര്‍ പങ്കെടുക്കും.