മുംബൈ: ഫിഡെ വനിത ലോക ചെസ് കപ്പ് നേടിയ ഇന്ത്യയുടെ 19 കാരി ദിവ്യ ദേശ്മുഖിന് മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ദിവ്യ ദേശ്മുഖിന് നല്‍കിയ സ്വീകരണച്ചടങ്ങില്‍ മൂന്ന് കോടി രൂപയുടെ ചെക്ക് സമ്മാനിച്ചത്.
ഇത് നാഗ് പൂരിനോ മഹാരാഷ്‌ട്രയ്‌ക്കോ മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാവുന്ന നിമിഷമാണെന്നും ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. “വനിതാ ചെസ്സില്‍ ചൈനയുടെ ആധിപത്യം ഇന്ത്യക്കാരികളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തകര്‍ത്തു. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലും മഹാരാഷ്‌ട്രക്കാരന്‍ എന്ന നിലയിലും നാഗ്പൂര്‍ സ്വദേശി എന്ന നിലയിലും ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.”- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യതകള്‍ ഏറെയുള്ള ഈ ലോകത്ത് ദിവ്യയുടെ അച്ചടക്കത്തെയും നിതാന്തമായി ചെസ്സില്‍ മാത്രമുള്ള അര്‍പ്പണത്തെയും ഫഡ്നാവിസ് അഭിനന്ദിച്ചു. ഡോക്ടര്‍മാരായ നമ്രതാ ദേശ്മുഖ്, ജിതേന്ദ്ര ദേശ്മുഖ് ദമ്പതികളുടെ മകളാണ് ദിവ്യ ദേശ്മുഖ്. എന്നും തനിക്ക് മഹാരാഷ്‌ട്രയോട് നന്ദിയുണ്ടെന്നും എല്ലാക്കാലത്തും മഹാരാഷ്‌ട്ര തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.
ഒരു ഇന്ത്യന്‍ താരം ചെസ്സില്‍ ഫിഡെ വനിതകളുടെ ഫിഡെ ലോകകപ്പ് നേടുന്നത് ലോകചെസ് ചരിത്രത്തില്‍ ഇതാദ്യമായാണ്. മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ സ്വദേശിനിയാണ് ദിവ്യ ദേശ്മുഖ്. ജോര്‍ജ്ജിയയിലെ ബത്തുമിയില്‍ നടന്ന ചെസ്സിലെ ഫിഡെ വനിത ലോകകപ്പ് നേടിയത് ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമായ കൊനേരു ഹംപിയെ അട്ടിമറിച്ചതാണ്. ഇതേ ടൂര്‍ണ്ണമെന്‍റില്‍ നേരത്തെ ഇന്ത്യയുടെ ഹരിക ദ്രോണവല്ലി, ചൈനയുടെ ടാന്‍ സോംഗി,ചൈനയുടെ തന്നെ ഷൂ ജിനര്‍ എന്നിവരെ തോല്‍പിച്ചിരുന്നു. ഫിഡെ ലോക വനിത കപ്പ് നേടിയതിലൂടെ നേരിട്ടാണ് ദിവ്യ ദേശ്മുഖിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി ലഭിച്ചത്. ഇന്ത്യയിലെ നാലാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്ററാണ് ദിവ്യ ദേശ്മുഖ്. ഹരിക ദ്രോണാവല്ലി, വൈശാലി, കൊനേരു ഹംപി എന്നിവരാണ് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ മറ്റ് മൂന്ന് വനിതാ താരങ്ങള്‍. ഇന്ത്യയിലെ 88ാമത് ഗ്രാന്‍റ് മാസ്റ്ററാണ് . ഇപ്പോള്‍ വനിതകളുടെ ലോകറാങ്കിങ്ങില്‍ 15ാം നമ്പര്‍ താരമായി മാറിയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്.
ദിവ്യ ദേശ്മുഖിന് ലോകത്തിലെ മുന്‍നിര വനിതാ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ പങ്കെടുക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതില്‍ മത്സരവിജയിയാണ് ഇപ്പോഴത്തെ ചെസ്സിലെ വനിതാ ലോകചാമ്പ്യനായ ജു വെന്‍ജുനെ നേരിടുക. 2026ല്‍ ആയിരിക്കും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്. അതിനെ തുടര്‍ന്ന് 2026ല്‍ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള മത്സരം നടക്കും