ലണ്ടന്‍: പ്രതിഭയ്‌ക്കെന്നല്ല, മറ്റെല്ലാറ്റിനും അല്‍പായുസ്സുള്ള ഈ ആധുനിക കാലത്ത് ഇങ്ങിനെ ഒരു ചെസ് പ്രതിഭയെ സങ്കല്‍പിക്കാനാവില്ല. അതാണ് നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ എന്ന അത്ഭുതം. കഴിഞ്ഞ 15 വര്‍ഷമായി ലോക ചെസ് കളിക്കളമാകെ അടക്കി ഭരിക്കുകയാണ് ചെസ്സിലെ ഭ്രാന്തന്‍ എന്ന് വിളിക്കാവുന്ന ഈ 34 കാരന്‍. ഇനി ഇങ്ങിനെ ഒരു ചെസ് താരം ചരിത്രത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല.
2011 മുതല്‍ ഫിഡെ എന്ന ലോക ചെസ് ഫെഡറേഷന്റെ റാങ്കിങ്ങില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ഒന്നാം റാങ്ക് കാത്ത് സൂക്ഷിക്കുകയാണ് മാഗ്നസ് കാള്‍സന്‍. അഞ്ച് തവണ മന്ദഗതിയിലുള്ള ചെസ് ഗെയിമായ ക്ലാസിക്കല്‍ ചെസ്സില്‍ ലോക ചാമ്പ്യനായിട്ടുണ്ട് മാഗ്നസ് കാള്‍സന്‍. ചെസ്സിലെ റേറ്റിംഗില്‍ 2800 എന്ന ഇഎല്‍ഒ പോയിന്‍റ് മറികടന്ന അപൂര്‍വ്വം പ്രതിഭകളില്‍ ഒരാള്‍ കൂടിയാണ് കാള്‍സന്‍.
അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചാറ്റ് ജിപിടി മാഗ്നസ് കാള്‍സന്റെ മുന്‍പില്‍ അടിയറവ് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്ക് അത് ഒരു വാര്‍ത്തയല്ലാതായത്. സാം ആള്‍ട്മാന്റെ കമ്പനിയായ ഓപ്പണ്‍ എഐ വികസിപ്പിച്ച ചാറ്റ് ജിപിടി ഒരു ചാറ്റ് ബോട്ടാണ്. അത്ഭുതശേഷിയുള്ള ചാറ്റ് ബോട്ട്. എന്ത് ചോദ്യത്തിനും കൃത്യമായ ഉത്തരം നിമിഷങ്ങളുടെ നൂറിലൊരംശം കൊണ്ട് നല്‍കുന്ന അത്ഭുതം. ഈ ചാറ്റ് ജിപിടിയെ ആണ് മാഗ്നസ് കാള്‍സന്‍ 53 നീക്കത്തില്‍ കീഴ്പ്പെടുത്തി. ഈ 34ാം വയസ്സിലും ലോകത്തിലെ ചെസ് കിരീടങ്ങള്‍ കാള്‍സന്‍ തന്നെ കയ്യടക്കുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ഇസ്പോര്‍ട്സില്‍ കിരീടം നേടി 2.18 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കിയത് മാഗ്നസ് കാള്‍സനാണ്. 2025ലെ നോര്‍വ്വെ കിരീടവും മാഗ്നസ് കാള്‍സനായിരുന്നു. സൂപ്പര്‍ യൂണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് കപ്പും മാഗ്നസ് കാള്‍സനായിരുന്നു. ഫ്രഞ്ച് താരം അലിറെസ ഫിറൂഷ, അമേരിക്കയുടെ ഫാബിയാനോ കരുവാന, ഹികാരു നകാമുറ, ഇന്ത്യയുടെ ഗുകേഷ്, പ്രജ്ഞാനന്ദ തുടങ്ങി എല്ലാവരേയും ഇന്നും മാഗ്നസ് കാള്‍സന്‍ തോല്‍പിക്കുന്നു.
രണ്ടര മണിക്കൂറില്‍ 40 നീക്കങ്ങള്‍ നടത്തുന്ന മന്ദഗതിയിലുള്ള ക്ലാസിക്കല്‍ ചെസ്സിലും പത്ത് മിനിറ്റില്‍ വിജയിയെ നിര്‍ണ്ണയിക്കുന്ന റാപ്പിഡ് ചെസ്സിലും അഞ്ച് മിനിറ്റില്‍ വിജയിയെ തീരുമാനിക്കുന്ന അതിവേഗ ബ്ലിറ്റ്സ് ചെസ്സിലും ഇക്കാലമത്രയും ചാമ്പ്യനും ലോക ഒന്നാം റാങ്കുകാരനും മാഗ്നസ് കാള്‍സന്‍ തന്നെ.
ഇമ്മാനുവല്‍ ലാസ്കറും ഗാരി കാസ്പറോവും
ഒരു പക്ഷെ ചെസ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സനേക്കാള്‍ കൂടുതല്‍ കാലം ലോകകിരീടം അടക്കിവാണവര്‍ വേറെയുമുണ്ട്. 1894 മുതല്‍ 1921വരെ 27 വര്‍ഷത്തോളം ലോകചെസ് കിരീടം ആറ് തവണ തുടര്‍ച്ചയായി കൈവശം വെച്ച താരമാണ് ജര്‍മ്മന്‍കാരനായ ഇമ്മാനുവല്‍ ലാസ്കര്‍. 1921ല്‍ പിന്നീട് ക്യൂബന്‍ ചെസ് പ്രതിഭ കപാബ്ലാങ്കയാണ് ഇമ്മാനുവല്‍ ലാസ്കറുടെ ചെസ്സിലെ ഈ മേധാവിത്വം തകര്‍ത്ത് ലോക ചാമ്പ്യനായത്. ഇതുപോലെ ആറ് തവണ ലോകചെസ് കിരീടം സ്വന്തമാക്കിയ അത്ഭുതപ്രതിഭയാണ് റഷ്യയുടെ ഗാരി കാസ്പറോവ്. 1985 മുതല്‍ 2000 വരെ തുടര്‍ച്ചയായി 15 വര്‍ഷത്തോളം ഗാരി കാസ്പറോവ് ചെസ് ലോകം അടക്കിവാണു.
ലോകചെസ്സ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന ‘എലോ റേറ്റിങ്ങിൽ’ എത്തിയ ആളാണ് മാഗ്നസ് കാൾസൺ. ഇന്നും ലോക ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളാണ് കാൾസൺ.
ആക്രമണ ശൈലി
മികച്ച ഒരു ആക്രമണ ശൈലിയാണ് കാൾസൺ പിന്തുടരുന്നത്. എന്നാൽ തന്റെ കേളീശൈലിയിലെ പോരായ്മകൾ പരിഹരിയ്‌ക്കുന്നതിനും മികച്ച ഓപ്പണിങ്ങുകൾ പരിശീലിയ്‌ക്കുന്നതിനും ലോകോത്തര നിലവാരം നിലനിർത്തുന്നതിനും കാൾസൺ ശ്രദ്ധവയ്‌ക്കുന്നുണ്ട്. പരിശീലനത്തിൽ ഗാരി കാസ്പറോവിന്റെ സേവനം കാൾസണു ലഭിച്ചിട്ടുണ്ട്. 2013 നവംബർ 22നു ചെന്നൈയിൽ വച്ചു നടന്ന ലോകചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തിയാണ് മാഗ്നസ് കാൾസൺ ആദ്യമായി ലോകചെസ് ചാംപ്യനാകുന്നത്.
ലോകചെസ്സ് കിരീടം നേടുന്ന ആദ്യ നോർവേക്കാരൻ എന്ന ബഹുമതി 22 വയസ്സിൽ ചാമ്പ്യനായ കാൾസൺ സ്വന്തമാക്കി. പിന്നീടങ്ങളോട്ട് നാല് തവണ കൂടി ലോക ചെസ് ചാമ്പ്യനായതിന് ശേഷം അദ്ദേഹം ലോക ചെസ് കിരീടത്തിന് വേണ്ടി ഇനി കളിക്കേണ്ടെന്ന് തീരുമാനിച്ച് പടിയിറങ്ങുകയായിരുന്നു. ഇങ്ങിനെ ചെയ്ത ചെസ് ചരിത്രത്തിലെ ഏക താരവും മാഗ്നസ് കാള്‍സന്‍ തന്നെ.
ഇനി ശ്രദ്ധ ബോബി ഫിഷര്‍ കണ്ടെത്തിയ ഫ്രീസ്റ്റൈല്‍ ചെസ്സില്‍
ഇപ്പോള്‍ ക്ലാസിക്കല്‍ ചെസ്സും മാഗ്നസ് കാള്‍സന് മടുത്തുതുടങ്ങി. മനപാഠമായി പഠിക്കുന്ന ഓപ്പണിംഗുകള്‍ക്കും ചില കളിതന്ത്രങ്ങള്‍ക്കും പ്രധാന്യമുള്ളതാണ് ക്ലാസിക്കല്‍ ചെസ്. പകരം റാന്‍ഡം ചെസ് എന്ന പുതിയ ചെസിലെ കളിരീതിയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ് മാഗ്നസ് കാള്‍സന്‍.
ക്ലാസിക്കല്‍ ചെസ് കളിച്ചിരുന്ന കാള്‍സന്‍ പൊടുന്നനെയാണ് ഫ്രീസ്റ്റൈല്‍ ചെസിന്റെ വക്താവായത്. ക്ലാസിക്കല്‍ ചെസും ഫ്രീസ്റ്റൈല്‍ ചെസ്സും തമ്മില്‍ വ്യത്യാസമുണ്ട്. ക്ലാസിക്കല്‍ ചെസ്സില്‍ ഓപ്പണിംഗിനും മിഡില്‍ ഗെയിമിനും എന്‍ഡ് ഗെയിമിനും വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ മന:പാഠമായി പഠിച്ച ഓപ്പണിംഗുകളൊന്നും ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കൂട്ടിനെത്തില്ല. അവിടെ കളിക്കാരന്റെ ഭാവനയ്‌ക്കും നൈസര്‍ഗ്ഗിക പ്രതിഭയ്‌ക്കുമാണ് പ്രാധാന്യം.
സാധാരണ ചെസ് മത്സരം പോലെയല്ല ഫ്രീ സ്റ്റൈല്‍ ചെസ് മത്സരം. ഇത് അമേരിക്കയിലെ ബോബി ഫിഷര്‍ എന്ന മുന്‍ ലോകചാമ്പ്യന്‍ കണ്ടെത്തിയ ചെസ് ശൈലിയാണ്. 360 ഡിഗ്രി ചെസ്സ് എന്നും ഫിഷന്‍ റാന്‍ഡം ചെസ് എന്നും ഇതിന് വിളിപ്പേരുകളുണ്ട്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്‍) തേരും (റൂക്ക്) എല്ലാം ക്ലാസിക് ചെസ്സിലെ അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക എങ്കിലും ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നത് ക്ലാസിക്കല്‍ ചെസിലേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും.
കാലാളുകളെ (പോണിനെ) സാധാരണ ചെസ്സിലേത് പോലെ തന്നെയാണ് നിരത്തുക എങ്കിലും പിന്‍നിരയിലെ റൂക്ക് (തേര്), ബിഷപ്പ് (ആന), നൈറ്റ് (കുതിര), ക്വീന്‍, കിംഗ് എന്നിവയെ ഓരോ കളിയിലും ഓരോ രീതിയിലാണ് നിരത്തിവെയ്‌ക്കുക. 960 ഓളം വ്യത്യസ്ത രീതികളില്‍ ഇങ്ങിനെ കരുക്കളെ നിരത്താന്‍ കഴിയും എന്നതിനാലാണ് ഇതിന് ചെസ് 960 എന്ന വിളിപ്പേര്‍ വന്നത്.
അതുകൊണ്ട് തന്നെ ഓപ്പണിംഗിനല്ല, ഭാവനയ്‌ക്കാണ് ഇതില്‍ പ്രാധാന്യം. പിന്‍നിരയിലെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെയായിരിക്കും കറുപ്പ് കരുക്കളും നിരത്തുക. മാത്രമല്ല, ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഓരോ കളിയിലും ഓരോ വ്യത്യസ്താമായ രീതിയിലായിരിക്കും ബോര്‍ഡിലെ കരുക്കള്‍ നിരത്തുക. അതിനാല്‍ ഇതിലെ ഓരോ കളികളും വ്യത്യസത്മായിരിക്കും. ഭാവനാസമ്പന്നര്‍ക്ക് ഇത് ആസ്വദിക്കാനാവും. ചെസ്സിലെ എക്കാലത്തേയും മഹാപ്രതിഭകളില്‍ ഒരാളാണ് അമേരിക്കന്‍ താരമായ ബോബി ഫിഷര്‍. 11ാമത്തെ ലോക ചാമ്പ്യനായ അമേരിക്കക്കാരനായ അത്ഭുതപ്രതിഭ. തന്റെ 15ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയ പ്രതിഭയാണ്. അപ്രതീക്ഷിതമായ കരുനീക്കങ്ങളാണ് ബോബി ഫിഷറുടെ പ്രത്യേകത.ഒരു ചെസ് പുസ്തകത്തിലും കാണാത്ത നീക്കങ്ങള്‍ സ്വന്തമായി കണ്ടെത്തുന്നതിലും അത് ബോര്‍ഡില്‍ പരീക്ഷിക്കുന്നതിലും ബോബി ഫിഷര്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തെ ചെസ്സിലെ സര്‍ഗ്ഗാത്മകതാരം എന്നും വിളിച്ചുപോന്നു. ഇത് തന്നെയാണ് പിന്നീട് ഫ്രീസ്റ്റൈല്‍ ചെസ് കണ്ടുപിടിക്കാന്‍ ബോബി ഫിഷറെ പ്രേരിപ്പിച്ചത്.
ചെസ്സില്‍ മനപാഠത്തിന് പകരം സര്‍ഗ്ഗാത്മകതയ്‌ക്ക് പ്രാധാന്യം നല്കുന്ന കളി രീതിയാണ് റാന്‍ഡം ചെസ്സിന്‍റേത്. കരുക്കള്‍ ഓരോ ഗെയിമിലും വേറെ വേറെ രീതിയില്‍ അടുക്കുന്നതിനാല്‍ കളിക്കാര്‍ മനപാഠമായി പഠിക്കുന്ന ഓപ്പണിംഗുകള്‍ക്ക് തീരെ പ്രാധാന്യമില്ല. ചെസ് ഗെയിമിന്റെ ആദ്യ പത്തോ പതിനഞ്ചോ കരുനീക്കങ്ങളാണ് ഒരു ഓപ്പണിംഗില്‍ ഉണ്ടാവുക. കറ്റാലന്‍, ലണ്ടന്‍ സിസ്റ്റംസ്, റുയ് ലോപസ് എന്നിങ്ങനെ പതിനായിരക്കണക്കിന് ഓപ്പണിംഗ് ഗെയിമുകള്‍ ചെസ്സില്‍ ഉണ്ട്. സാധാരണ കളിക്കാന്‍ ഇത് മനപാഠമായി പഠിക്കും. ഇതിന്റെ വേരിയേഷനുകളും പഠിക്കും. എന്നാല‍് ഇതില്‍ നിന്നും വ്യത്യസ്തമായ റാപ്പിഡ് ചെസ്സിന് ഇനിയുള്ള ജീവിതം ഉഴിഞ്ഞുവെയ്‌ക്കാനാണ് കാള്‍സന്റെ തീരുമാനം.