ലണ്ടന്‍: പ്രാദേശിക മത്സരങ്ങള്‍ ധാരാളമുണ്ടെങ്കിലും ത്രസിപ്പിക്കുന്ന വേഗതയും കണ്ണഞ്ചിപ്പിക്കുന്ന ടാക്ടിക്‌സുകളും കൊണ്ട് കാഴ്‌ച്ചക്കാരെ കണ്ണിമവെട്ടാതെ പിടിച്ചിരുത്തുന്നതില്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിനെ വെല്ലാന്‍ ലോകത്ത് മറ്റൊന്നില്ല. പുതിയൊരു സീസണ്‍ തുടങ്ങുകയാണ്. ഇന്നേക്ക് കൃത്യം ഒരാഴ്‌ച്ച പിന്നിടുമ്പോഴേക്കും ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗും സ്‌പെയിനിലെ ലാലിഗയും ഇറ്റാലിയന്‍ സീരിയെയും ഫ്രഞ്ച് ലീഗ് വണും എല്ലാം ആവേശം നിറച്ചു തുടങ്ങും. പതിവ് പോലെ മറ്റെല്ലാ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളും തുടങ്ങി കൃത്യം ഒരാഴ്‌ച്ച കഴിഞ്ഞേ ഇക്കുറിയും ജര്‍മന്‍ ബുന്ദെസ് ലിഗ ആരംഭിക്കുകയുള്ളൂ.
സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരങ്ങളെ സ്വന്തമാക്കുന്ന തിരക്ക് ഇനിയും നിന്നിട്ടില്ല. ഏറ്റവും ഒടുവില്‍ പ്രീമിയര്‍ ലീഗില്‍ ഏതാനും സീസണുകളായി നിരന്തരം കരുത്ത് അറിയിച്ചുകൊണ്ടിരിക്കുന്ന ആസ്റ്റണ്‍ വില്ല നൈസ് സ്‌ട്രൈക്കര്‍ ഇവാന്‍ ഗ്വെസ്സാന്‍ഡിനെ ടീമിലെത്തിച്ചുവെന്ന വാര്‍ത്തയാണ്. ഏകദേശം 30 ദശലക്ഷം പൗണ്ടിനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 24കാരനായ ഗ്വെസ്സാന്‍ഡ് ഐവറി കോസ്റ്റില്‍ നിന്നുള്ള സ്‌ട്രൈക്കറാണ്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് നൈസിന് വേണ്ടി കളിച്ച അദ്ദേഹം കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നു. ലീഗ് വണ്ണില്‍ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നൈസ് ഇക്കുറി ചാമ്പ്യന്‍സ് ലീഗിലേക്കുള്ള പാസും നേടി. ഈ നേട്ടത്തിന്റെ നല്ലൊരു ഭാഗം അവകാശപ്പെടാവുന്ന പ്രകടനമാണ് ഇവാന്‍ ഗ്വെസ്സാന്‍ഡ് നടത്തിയത്. ഏറ്റവും വലിയ സ്വന്തമാക്കല്‍ നടത്തിയത് നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ എഫ്‌സിയല്ലാതെ മറ്റാരുമല്ല. ജര്‍മന്‍ ബുന്ദെസ് ലിഗ ക്ലബ്ബ് ബയെര്‍ ലെവര്‍കുസന്റെ സൂപ്പര്‍ താരം ഫ്‌ളോറിയന്‍ വിര്‍ട്‌സിനെ കഴിഞ്ഞ ക്ലബ്ബ് സീസണ്‍ അവസാനിച്ച അവസരത്തില്‍ തന്നെ ടീമിലെത്തിച്ചു. 116 ദശലക്ഷം പൗണ്ടിനായിരുന്നു വിര്‍ട്‌സിനെ കൊണ്ടുവന്നത്.
താരങ്ങളെ സ്വന്തമാക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് ജര്‍മന്‍ ബുന്ദെസ് ലിഗ ക്ലബ്ബുകളാണ്. ബയേണ്‍ മ്യൂണിക്കും സജീവമായി പുതിയ താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
സ്പാനിഷ് ക്ലബ്ബുകള്‍ പൊതുവില്‍ വലിയ തോതില്‍ പണം പൊടിച്ചു കണ്ടില്ല. എഫ്‌സി ബാഴ്‌സിലോണ അടക്കമുള്ള ക്ലബ്ബുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ടീമിലെ ജര്‍മന്‍ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റെഗന്‍ പുറം വേദന കാരണം ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാനൊരുങ്ങുകയാണ്. ആഴ്‌ച്ചകളുടെ വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. ബാഴ്‌സയുടെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും തുടക്കത്തിലേ ബാഴ്‌സയ്‌ക്കൊപ്പം ഉണ്ടാകില്ല. കൈക്കുഴയിലെ പരിക്ക് താരത്തിന് പ്രശ്‌നമാണ്. ഇന്നലെയാണ് ലെവന്‍ഡോവ്‌സ്‌കി ഇക്കാര്യം അറിയിച്ചത്. പരിക്ക് ഭേദമായി എപ്പോള്‍ ടീമിനൊപ്പം തിരികെയെത്താന്‍ സാധിക്കുമെന്ന് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണില്‍ ലീഗ് ടൈറ്റില്‍ തിരിച്ചുപിടിച്ച ബാഴ്‌സ കോപ്പ ഡെല്‍ റേയിലും സൂപ്പര്‍ കപ്പിലും ജേതാക്കളായിരുന്നു.
റയല്‍ മാഡ്രിഡില്‍ പുതുയ താരങ്ങളെ കൊണ്ടുവരേണ്ട ആവശ്യമില്ല. നിറയെ പ്രതിഭാധനന്‍മാരാണുള്ളത്. പക്ഷെ താരങ്ങളെ വിനിയോഗിക്കാന്‍ കഴിയുന്ന കോച്ച് എത്തിയാല്‍ ടീമിനെ പഴയ വീര്യത്തിലേക്ക് തിരികെ കൊണ്ടുവരാനാകും. കാര്‍ലോസ് ആഞ്ചലോട്ടി ഒഴിഞ്ഞുപോയ റയലിന്റെ ചുമതലക്കാരനായി എത്തിയിരിക്കുന്നത് മുന്‍ സ്പാനിഷ് താരം കൂടിയായ സാബി അലോന്‍സോ ആണ്. ഫിഫ ക്ലബ്ബ് ലോകകപ്പിന് തൊട്ടുമുമ്പേയാണ് അലോന്‍സോ റയല്‍ മാനേജരാകുന്നത്. ദിവസങ്ങള്‍ക്കൊണ്ട് യാതൊരു അത്ഭുതവും കാണിക്കാന്‍ അലോന്‍സോയ്‌ക്ക് സാധിച്ചില്ല. പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ പുതിയ കോച്ചിന് കീഴില്‍ അണിനിരക്കുന്ന റയലിന്റെ കളി ലോകം കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ മങ്ങിയ കാലം മായ്ച്ചുകളയുന്നതാണ് ആരാധകര്‍ ലക്ഷ്യമിടുന്നത്.