മഹാബലിപുരം: രമേഷ് ബുഡിഹാല്‍ സര്‍ഫിങ്ങില്‍ ഭാരതത്തിനായി ആദ്യ വ്യക്തിഗത മെഡല്‍ നേടി. ഏഷ്യന്‍ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിക്കൊണ്ട് ബുഡിഹാല്‍ ചരിത്രനേട്ടം കുറിച്ചു. മഹാബലിപുരത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്യുകയായിരുന്നു.
12.60 പോയിന്റാണ് ബുഡിഹാല്‍ സ്വന്തമാക്കിയത്. മെഡല്‍ നേട്ടത്തോടെ 2026 ഏഷ്യന്‍ ഗെയിംസിന്റെ സര്‍ഫിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷാ താരമായി ഉയര്‍ന്നിരിക്കുകയാണ് ബുഡിഹാല്‍. ഇന്നലെ നടന്ന ഏഷ്യന്‍ സര്‍ഫിങ് ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കനോവ ഹീജി(15.17), ഇന്തോനേഷ്യയുടെ പജാര്‍ അരിയാന(14.57) എന്നിവര്‍ ബുഡിഹാലിന് മുമ്പേ ഫിനിഷ് ചെയ്ത് സ്വര്‍ണം, വെള്ളി മെഡലുകള്‍ ആഘോഷിച്ചു.
ശനിയാഴ്‌ച്ച ബുഡിഹാല്‍ ഫൈനലില്‍ കടന്നത് തന്നെ ചരിത്രനിമിഷമായിരുന്നു. ഏഷ്യന്‍ സര്‍ഫിങ്ങിന്റെ വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു ഭാരതീയന്‍ ഫൈനലിലെത്തിയത്. ഫൈനല്‍ മത്സരത്തിന്റെ ആദ്യ വേവ്‌സില്‍ ബുഡിഹാല്‍ 6.17 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്നു. പക്ഷെ വളരെ വൈദഗ്ധ്യം നേടിയ എതിരാളികള്‍ രണ്ടാം വേവ്‌സില്‍ ബുഡിഹാലിനെ മറികടന്നു. പക്ഷെ നിര്‍ണായകമായ രണ്ടാം വേവ്‌സില്‍ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബുഡിഹാല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം വേവ്‌സില്‍ 6.43 പോയിന്റ് കൂടി നേടിയതോടെ ആകെ 12.60 പോയിന്റുമായി ബുഡിഹാല്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കുന്നില്ല. ഫൈനലിലെത്തിയത് മുതല്‍ അഭിമാന നിമിഷത്തിലായിരുന്നു. കാഴ്‌ച്ചക്കാരില്‍ നിന്നടക്കം വലിയ പിന്തുണ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്- മെഡല്‍ നേടിയ ശേഷം ബുഡിഹാല്‍ പ്രതികരിച്ചു.
സമായി റീബൗള്‍ ആണ് ബുഡിഹാലിന്റെ പരിശീലകന്‍. നിരവധി കടമ്പകള്‍ കടന്ന ശേഷമാണ് ഈ മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നതെന്ന് കോച്ച് പറഞ്ഞു. സമ്മര്‍ദ്ദമാണ് വലിയ വില്ലനായിരുന്നത്. അതിനെ സമര്‍ത്ഥമായി അതിജീവിക്കാന്‍ ബുഡിഹാലിന് സാധിച്ചെന്നും കോച്ച് പറഞ്ഞു.