

യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ പുതിയ സീസണ്‍ പോരാട്ടങ്ങള്‍ക്ക് കിക്കോഫാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ട്രാന്‍സ്ഫര്‍ വിന്‍ഡോകള്‍ ഇപ്പോഴും തുറന്നുതന്നെ. സര്‍പ്രൈസ് കൈമാറ്റങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. അതിനേക്കാള്‍ കൂടുതല്‍ നടക്കാനിരിക്കുന്നു. ജൂണ്‍ 16ന് തുറന്ന വിന്‍ഡോ സെപ്റ്റംബര്‍ ഒന്നുവരെ നീളും. ഇതുവരെ പല മുന്‍നിര ക്ലബ്ബുകളും മുന്‍നിര താരങ്ങളെ തന്നെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ പതിവുപോലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളാണ് പണം എറിയുന്നതില്‍ മുന്‍പന്തിയില്‍. ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്ക് പ്രകാരം 2.1 ബില്യണ്‍ പൗണ്ടാണ് താരങ്ങളെ വാങ്ങുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബുകള്‍ ചെലവാക്കിയിരിക്കുന്നത്. മറ്റ് പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇംഗ്ലീഷ് ക്ലബ്ബുകള്‍. താരങ്ങളെ വാങ്ങുന്നതിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ തന്നെ. 269 മില്യണ്‍ പൗണ്ടാണ് താരങ്ങളെ ടീമിലെത്തിക്കുന്നതിനായി ലിവര്‍ ചെലവഴിച്ചിട്ടുള്ളത്. ലീഗിലെ ടോപ് സിക്‌സ് ടീമുകളായ ചെല്‍സി (212 മില്യണ്‍ പൗണ്ട്), ആഴ്‌സണല്‍ (137.5) , മാന്‍. യുണൈറ്റഡ് (133.5), മാന്‍. സിറ്റി (127), ടോട്ടനം ഹോട്‌സ്പര്‍ (122.5) എന്നീ ടീമുകള്‍ തന്നെയാണ് താരങ്ങളെ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍. 101 മില്യണ്‍ മുടക്കി സണ്ടര്‍ലന്‍ഡും ഇത്തവണ കരുത്ത് കാട്ടി.
പ്രിമിയര്‍ ലീഗിലെത്തിയ സുപ്രധാന താരങ്ങള്‍
ബെഞ്ചമിന്‍ സെസ്‌കോ
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിറംമങ്ങുന്ന ചുവന്ന ചെകുത്താന്മാര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. മൂന്നു പ്രധാന താരങ്ങളെയാണ് ഇത്തവണ യുണൈറ്റഡ് പാളയത്തിലെത്തിച്ചത്. നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ബുണ്ടസ് ലീഗ ക്ലബ് ആര്‍ബി ലീപ്‌സിഗില്‍ നിന്ന് ബെഞ്ചമിന്‍ സെസ്‌കോയെ ടീമിലെത്തിച്ചിട്ടുണ്ട്. ഇതോടെ മുന്നേറ്റനിരയില്‍ ബ്രസീലിയന്‍ താരം മാത്യൂസ് കുഞ്ഞ, ബ്രയാന്‍ എംബൗമോ എന്നിവര്‍ക്കൊപ്പം സെസ്‌ക കൂടിയെത്തും. ഇത് ചെകുത്താന്മാരുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നുറപ്പ്. 22കാരനായ സെസ്‌കോ കഴിഞ്ഞ സീസണില്‍ ലെപ്‌സിഗിനുവേണ്ടി 21 ഗോളുകള്‍ നേടിയിട്ടുണ്ട്.
വിക്ടര്‍ ഗ്യോകെറസ്
പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണില്‍നിന്ന് ആഴ്‌സണല്‍ നടത്തിയ ഉജ്വല നീക്കമായിരുന്നു വിക്ടര്‍ ഗ്യോഗെറസിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ തവമ വഴുതിപ്പോയ ലീഗ് കിരീടം സ്വന്തമാക്കുക എന്നതാണ് ആഴ്‌സണല്‍ ലക്ഷ്യംവയ്‌ക്കുന്നത്. മുമ്പ് ഇംഗ്ലീഷ് ക്ലബ്ബായ ബ്രൈറ്റണില്‍ കളിച്ച് പരിചയമുള്ള ഗ്യോകെറസ് കഴിഞ്ഞ സീസണില്‍ സ്‌പോര്‍ട്ടിങ്ങിനു വേണ്ടി അവിശ്വസനീയ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ 39ഉം അതിനു മുമ്പുള്ള സീസണില്‍ 29ഉം ഗോളുകളാണ് ഗ്യോകെറസ് അടിച്ചുകൂട്ടിയത്. മികച്ച സ്‌ട്രൈക്കറുടെ അഭാവം അലട്ടുന്ന ആഴ്‌സണലിന് ഗ്യോകെറസിന്റെ വരവ് ഗുണകരമാകും.
ഫ്‌ളോറിയന്‍ വിര്‍ട്‌സ്
ബയര്‍ ലെവര്‍കുസനില്‍ കഴിഞ്ഞ രണ്ടു സീസണുകളായി ത്രസിപ്പിച്ചിരുന്ന ഒരു കൡക്കാരനുണ്ടായിരുന്നു ഫ്‌ളോറിയന്‍ വിര്‍ട്‌സ്. ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ അവിഭാജ്യഘടകമായ ഈ മുന്നേറ്റനിരക്കാരനെ കഴിഞ്ഞ സീസണ്‍ മുതലേ ലിവര്‍പൂള്‍ നോട്ടമിട്ടിരുന്നു. എന്നാല്‍, ഡീല്‍ നടക്കുന്നത് ഇത്തവണയാണെന്നു മാത്രം. 22കാരനായ വിര്‍ട്‌സിനെ ഫോള്‍സ് 9 പൊസിഷനിലോ സെന്റര്‍ അറ്റാക്കിങ്ങിലോ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ലിവറിന്റെ ഏറ്റവും മികച്ച സൈനിങ്ങാണ് വിര്‍ട്‌സിനെ ടീമിലെത്തിച്ചതിലൂടെ നാം കണ്ടത്.
റയാന്‍ ചെര്‍കി
ഫ്രഞ്ച് ക്ലബ് ലിയോണില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ പ്രമുഖം താരം. ഗോളടിക്കുന്നതിലും ഗോളൊരുക്കുന്നതില്‍ മികവ്കാട്ടുന്ന ഈ ചെറുപ്പക്കാരന്‍ കഴിഞ്ഞ സീസണില്‍ ലിയോണിനായി 129 ഗോളവസരങ്ങളാണ് ഒരുക്കിയത്. ബ്രസീലിയന്‍ താരം റഫിഞ്ഞ, മാന്‍. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെക്കാള്‍ ഗോളവസരങ്ങളൊരുക്കിയ താരം കൂടിയാണ് ഫ്രാന്‍സില്‍നിന്നുള്ള 21കാരന്‍ റയാന്‍. കെവിന്‍ ഡിബ്രുയിനെയ്‌ക്കൊപ്പം ചേര്‍ന്ന് മധ്യനിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റയാനെ സിറ്റി ടീമിലെത്തിച്ചിരിക്കുന്നത്.
മാത്യൂസ് കുഞ്ഞ
കഴിഞ്ഞ സീസണില്‍ വുള്‍വ്‌സിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ബ്രസീലില്‍നിന്നുള്ള മാത്യൂസ് കുഞ്ഞ. ഈ മികവ് കണ്ടുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുഞ്ഞയെ സ്വന്തം നിരയ്‌ക്കൊപ്പം ചേര്‍ത്തത്. ബ്രയാന്‍ എംബാവുമോയ്‌ക്കൊപ്പം ചേര്‍ത്ത് മുന്നേറ്റനിരയ്‌ക്കു ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ചുവന്ന ചെകുത്താന്മാരുടെ ലക്ഷ്യം. 26കാരനായ കുഞ്ഞ ഇടതുവിങ്ങിലൂടെയുള്ള ആക്രമണ വിദഗ്ധനാണ്. നല്ല വിയര്‍പ്പൊഴുക്കിയാല്‍ മാത്രമേ ബ്രൂണോ ഫെര്‍ണാണ്ടസിന് ഇനി ആദ്യ ഇലവനില്‍ സ്ഥാനം നേടാനാകൂ.
പ്രധാനപ്പെട്ട താരക്കൈമാറ്റങ്ങള്‍ ഇവയെങ്കിലും ശ്രദ്ധേയമായ മറ്റ് ചില നീക്കങ്ങള്‍ കൂടി വിവിധ ഇംഗ്ലീഷ് ക്ലബ്ബുകളില്‍നിന്നുണ്ടായിട്ടുണ്ട്.
ബ്രൈറ്റണില്‍നിന്ന് ജാവോ പെഡ്രോയെ എത്തിച്ച് ചെല്‍സി നടത്തിയ നീക്കവും എസി മിലാനില്‍നിന്ന് ടിജ്ജാനി റെജിന്‍ഡേഴ്‌സിനെ എത്തിത്ത് സിറ്റി നടത്തിയ നീക്കവും എയ്ന്‍ട്രാച്റ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹ്യൂഗോ എകിടികെയെ എത്തിച്ചുകൊണ്ട് ലിവര്‍പൂള്‍ നടത്തിയ നീക്കവും ബ്രെന്‍ഡ്‌ഫോര്‍ഡില്‍നിന്ന് ബ്രയാന്‍ എംബാവുമയെ എത്തിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തിയ നീക്കവും ഈ സീസണിലെ പ്രധാന താരക്കൈമാറ്റങ്ങളാണ്.









