

ലിസ്ബന്‍: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. പത്ത് വര്‍ഷത്തോളമായി താരത്തിനൊപ്പം ഒന്നിച്ചുകഴിയുന്ന ജോര്‍ജീന റോഡ്രിഗസ് ആണ് വധു. സ്പാനിഷ് ഭാഷയിലെഴുതിയ കുറിപ്പും മോതിരത്തിന്റെ ചിത്രവും സഹിതം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് ജോര്‍ജീന ആണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
മാഡ്രിഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ലോകോത്തര ബ്യൂട്ടിഷോപ്പ് ബ്രാന്‍ഡ് ശ്രേണിയിലൊന്നില്‍ ജോര്‍ജിന ജോലി ചെയ്തുവരുന്നതിനിടെയാണ് ക്രിസ്റ്റ്യാനോയുമായി ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം ഒരുമിച്ചുള്ള ജീവിതത്തിലേക്ക് നയിച്ചു. ഇവരുടെ ബന്ധത്തില്‍ രണ്ട് തവണയായി നാല് കുട്ടികള്‍ ജനിച്ചു. 2017ലും 2022ലും ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. 2022ല്‍ ജനിച്ച കുട്ടികളില്‍ ഒന്ന് മരണപ്പെട്ടു.
ക്രിസ്റ്റ്യാനോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിന്റെ അമ്മയുടെ പേര് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. 2010ല്‍ ജനിച്ച റൊണോ ജൂനിയര്‍ പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്നു. റോണോ ജൂനിയറിന്റെ അമ്മയുമായി ക്രിസ്റ്റ്യാനോ പാലിച്ചുപോരുന്ന പരസ്പര ധാരണ പ്രകാരമാണ് പേര് വിവരം വെളിപ്പെടുത്താത്തത്. 2010-2015 കാലഘട്ടത്തില്‍ റഷ്യന്‍ മോഡല്‍ ഇറീന ഷായ്ക് ക്രിസ്റ്റ്യാനോയുടെ ജീവിത പങ്കാളിയായിരുന്നു.









