50 ഓവര്‍ ഫോര്‍മാറ്റിലുള്ള ഏകദിന ക്രിക്കറ്റ് വനിതാ ലോകപോരാട്ടത്തിന് 50 ദിവസങ്ങളുള്ളപ്പോള്‍ മുംബൈയില്‍ സംഘടിപ്പിച്ച കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ കൂടി ആ കറുത്ത ദിവസം ഓര്‍ത്തെടുത്തു. 2017ല്‍ ഭാരതം വെറും ഒമ്പത് റണ്‍സ് അകലത്തില്‍ കൈവിട്ടുകളഞ്ഞ വനിതാ ലോകകപ്പ് കിരീടം. ഇത്തവണ കിരീടം എന്ന പൂര്‍ണത കൈവരിക്കാന്‍ നമ്മുടെ നാട്ടില്‍ ലോകകപ്പ് എത്തിയിരിക്കുകയാണ്, നമ്മുടെ നൂറ് ശതമാനവും നല്‍കിയിരിക്കും-ഹര്‍മന്‍പ്രീത് പറഞ്ഞു.
രണ്ട് തവണയാണ് ഭാരതം വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടുള്ളത്. ആദ്യം 2005ല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. രണ്ടാമത്തേതായിരുന്നു 2017ലേത്. ലോര്‍ഡ്‌സില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടാണ് തോറ്റത്. ഭാരതം ജയിക്കുമെന്ന് അവസാന നിമിഷം വരെ തോന്നിച്ച ശേഷമായിരുന്നു ഇതിഹാസ താരം മിതാലി രാജിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പതര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിരുന്നു. ഇതിനെതിരെ ഒരവസരത്തില്‍ ഭാരതം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ 28 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മത്സരം അവസാനിക്കുമ്പോള്‍ എട്ട് പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. 51 റണ്‍സെടുത്ത ഹര്‍മന്‍ പ്രീത് നാലാം വിക്കറ്റില്‍ മടങ്ങുമ്പോള്‍ ഒട്ടും വിചാരിച്ചില്ല ഭാരതം തോല്‍ക്കുമെന്ന്. പക്ഷെ അതിവേഗം എല്ലാം സംഭവിച്ചു.
ഫൈനലിലേക്ക് ഭാരതത്തെ എത്തിച്ച സെമി മത്സരത്തിലെ ടീമിന്റെ വിജയത്തിന് നിര്‍ണായകമായത് ഹര്‍മന്‍പ്രീതിന്റെ ബാറ്റിങ് മികവാണ്. താരം 115 പന്തില്‍ നേടിയ 171 റണ്‍സിന്റെ ബലത്തില്‍ ഭാരതം കരുത്തരായ ഓസ്‌ട്രേലിയയെ കൊമ്പുകുത്തിക്കുകയായിരുന്നു. അക്കൊല്ലത്തെ ലോകകപ്പ് ഫേവറിറ്റുകള്‍ ഓസ്‌ട്രേലിയയായിരുന്നു. മുംബൈയില്‍ നടന്ന ലോകകപ്പ് കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ഐസിസി അധ്യക്ഷന്‍ ജയ് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു.